കോഴിക്കോട് ജില്ലയിൽ ആവശ്യത്തിന് വാഹനങ്ങളില്ലാത്തത് ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നു. കൃത്യസമയത്ത് വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേരാനാകാതെ ഉദ്യോഗസ്ഥർ വലയുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ നടത്തിപ്പും ബോധവൽക്കരണ പ്രവർത്തനങ്ങളും ഇതുമൂലം താറുമാറായിരിക്കുകയാണ്.
ജില്ലാ ആരോഗ്യ വകുപ്പിന്റെ കീഴിൽ ആകെ 16 വാഹനങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും 5 വാഹനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഇതിൽ പല വാഹനങ്ങളും 15 വർഷത്തെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ലേലം ചെയ്ത് വിറ്റിരുന്നു.
ബാക്കിയുള്ളവ വിവിധ കാരണങ്ങളാൽ കട്ടപ്പുറത്താവുകയും ചെയ്തു. ഭൂരിഭാഗം സിഎച്ച്സികൾക്കും (കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ) നിലവിൽ സ്വന്തമായി വാഹനമില്ല.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇതാണ് സ്ഥിതിയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
എംഎൽഎ, എംപി ഫണ്ടുകളിൽ പ്രതീക്ഷ
വാഹനങ്ങളില്ലാത്ത സിഎച്ച്സികൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ എച്ച്എംസി (ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി) തീരുമാനപ്രകാരം വാഹനങ്ങൾ വാടകയ്ക്ക് എടുത്താണ് നിലവിൽ പ്രതിരോധിക്കുന്നത്. എംഎൽഎ, എംപി ഫണ്ടുകൾ ഉപയോഗിച്ച് ഒട്ടേറെ ആശുപത്രികളിൽ ആംബുലൻസുകൾ ലഭ്യമാക്കിയിട്ടുണ്ട്.
സമാനമായ രീതിയിൽ പുതിയ വാഹനങ്ങൾ അനുവദിക്കുകയാണെങ്കിൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ വാഹനങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ഇതിനോടകം കത്ത അയച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

