മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിൽ ഗുരുതര പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നു. ആശുപത്രിയിൽ നിലവിലുള്ള കോൾഡ് റൂമിലും ചേംബറുകളിലും മൃതദേഹങ്ങൾ പൂർണ്ണമായി നിറഞ്ഞതാണ് നിലവിലെ പ്രശ്നം അതീവ ഗുരുതരമാക്കുന്നത്.
അനാഥരും അവകാശികൾ ഏറ്റെടുക്കാൻ തയാറാകാത്തതുമായ 27 മൃതദേഹങ്ങളാണ് സംസ്കാരസമയം കാത്ത് ആശുപത്രിയിൽ മാസങ്ങളായി സൂക്ഷിച്ചുവരുന്നത്. മൃതദേഹങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിൽ പൊലീസിന്റെയും തദ്ദേശ ഭരണ സ്ഥാപനത്തിന്റെയും ഭാഗത്തു നിന്ന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ തുടരുന്ന താമസമാണ് പ്രധാന തടസ്സമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ സ്ഥിതി തുടർന്നാൽ ആശുപത്രിയിൽ പുതിയ മരണം ഉണ്ടാകുമ്പോൾ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ സൗകര്യമില്ലാത്ത ദുർഘടമായ സ്ഥിതിയുണ്ടാകും. ഇത്തരം സാഹചര്യത്തിൽ മൃതദേഹങ്ങൾ ജില്ലയിലെ മറ്റ് ആശുപത്രികളിലെ മോർച്ചറികളിലോ കോൾഡ് സ്റ്റോറേജുകളിലോ എത്തിച്ച് ബന്ധുക്കൾ സൂക്ഷിക്കേണ്ടിവരുമെന്ന് അധികൃതർ ഗൗരവമായ മുന്നറിയിപ്പു നൽകുന്നുണ്ട്.
ആശുപത്രിയിൽ ഫൊറൻസിക് വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലുമായി ആകെ 29 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമാണുള്ളത്. ഇതിൽ 14 എണ്ണം കോൾഡ് റൂമിലും 15 എണ്ണം കോൾഡ് ചേംബറുകളിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.
കോൾഡ് റൂമിലെ ഫ്രീസർ യൂണിറ്റുകളിൽ തിരിച്ചറിയാത്തതും ബന്ധുക്കൾ ഏറ്റെടുക്കാൻ എത്താത്തതുമായ 14 മൃതദേഹങ്ങൾ മാസങ്ങളായി നിലവിലുണ്ട്. കൂടാതെ മോർച്ചറിയിലെ കോൾഡ് ചേംബറുകളിൽ 13 എണ്ണവും ഇതേ അവസ്ഥയിലാണ്.
ചട്ടം അനുസരിച്ച് മരണം സംഭവിച്ച് തുടർച്ചയായി 72 മണിക്കൂറാണ് മൃതദേഹം തിരിച്ചറിയുന്നതിനും ബന്ധുക്കൾക്ക് ഏറ്റുവാങ്ങുന്നതിനുമായി ആശുപത്രിയിൽ സൂക്ഷിക്കേണ്ടത്. ഈ നിർദ്ദിഷ്ട
സമയത്തിനുള്ളിൽ അവകാശികൾ എത്തിയില്ലെങ്കിൽ, പഠനാവശ്യത്തിന് ഉപയോഗിക്കാവുന്നവ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി അനാട്ടമി വിഭാഗത്തിലേക്ക് മാറ്റാവുന്നതാണ്. എന്നാൽ അവശേഷിക്കുന്നവ പൊലീസിനെ ഔദ്യോഗികമായി വിവരമറിയിച്ച് നിയമപ്രകാരം സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ.
ഇതിനായി പൊലീസിന്റെ എൻഒസി നിർബന്ധമാണ്. കൂടാതെ, മൃതദേഹങ്ങൾ അന്തിമമായി സംസ്കരിക്കുന്നതിന് ബന്ധപ്പെട്ട
തദ്ദേശ സ്ഥാപനങ്ങളാണ് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

