അറക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പുതിയ ഗ്രാമവണ്ടി സർവീസ് ഉടൻ പ്രവർത്തനമാരംഭിക്കുന്നു. തിരുവോണത്തോടനുബന്ധിച്ച് സെപ്റ്റംബർ 25 മുതലാണ് മൂലമറ്റം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും സർവീസുകൾ ആരംഭിക്കുന്നത്.
അറക്കുളം പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മൂലമറ്റത്തുനിന്നും മൂന്നുങ്കവയൽ വഴി കാഞ്ഞാറിലെത്തുന്ന ബസ്, അവിടെ നിന്നും ആനക്കയം വഴി തൊടുപുഴയിലേക്ക് സർവീസ് നടത്തുന്നതാണ്.
തുടർന്ന് മൂലമറ്റത്തിന്റെ ഗ്രാമീണ മേഖലകളായ പതിപ്പള്ളി, ആശ്രമം, ആഡിറ്റ്, കൂവപ്പള്ളി, പുത്തേട്, ഇടാട് തുടങ്ങിയ വിവിധ പ്രദേശങ്ങളിലൂടെ ബസ് കടന്നുപോകും. നിലവിൽ യാത്രാസൗകര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ചായിരിക്കും പുതിയ റൂട്ടുകൾ ക്രമീകരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് അറക്കുളം പഞ്ചായത്ത് അധികൃതർ കെഎസ്ആർടിസിയുമായി ഔദ്യോഗിക കരാറിൽ ഒപ്പുവെച്ചു. കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് കെഎസ്ആർടിസി യാത്രാസൗകര്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്തുകളുടെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സഹകരണത്തോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. പ്രധാന പാതകളിൽ മാത്രം സർവീസ് നടത്തുന്ന സാധാരണ ബസുകൾക്ക് വിപരീതമായി, ഉൾപ്രദേശങ്ങളിലെ ചെറിയ റോഡുകളിലൂടെയും ഈ ബസ് യാത്രക്കാരുമായി എത്തും.
അന്തിമ റൂട്ടുകൾ സംബന്ധിച്ചുള്ള തീരുമാനങ്ങൾ അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു. ഗ്രാമീണ മേഖലകളിലേക്ക് കൂടി ബസ് സർവീസ് എത്തുന്നതോടെ ജനങ്ങൾക്ക് കൂടുതൽ യാത്രാസ്വാതന്ത്ര്യം ലഭ്യമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷാഗോപിനാഥ് വ്യക്തമാക്കി.
ഇത് പ്രദേശത്തെ വാണിജ്യമേഖലയ്ക്കും വലിയ തോതിൽ ഉണർവ്വ് നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

