തലസ്ഥാന നഗരിയിൽ നടപ്പാതകളും വഴിയോരങ്ങളും കയ്യേറി പ്രവർത്തിക്കുന്ന അനധികൃത തട്ടുകടകൾക്കെതിരെ കർശന നടപടികളുമായി പൊലീസ് രംഗത്ത്. കേശവദാസപുരം–പരുത്തിപ്പാറ റോഡിൽ എംജി കോളജിന് സമീപം പ്രവർത്തിച്ചിരുന്ന അനധികൃത കടകൾ പൂർണ്ണമായി നീക്കം ചെയ്തു.
ഇതിന് പിന്നാലെ, വഴുതക്കാട് കോട്ടൺഹിൽ സ്കൂൾ റോഡിലും പരിസര പ്രദേശങ്ങളിലും പൊലീസ് ഇടപെടൽ നടത്തി തട്ടുകടകൾ ഒഴിപ്പിച്ചു. നഗരത്തിൽ പുതിയ പൊലീസ് കമ്മിഷണർ ചുമതലയേറ്റതിന് ശേഷം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്തിരുന്നു.
വഴിയോരങ്ങളിലെ അനധികൃത കയ്യേറ്റങ്ങൾ മൂലം ജനങ്ങൾ നേരിടുന്ന ഗതാഗതക്കുരുക്കും സുരക്ഷാ പ്രശ്നങ്ങളുമാണ് ഈ യോഗത്തിൽ പ്രധാനമായും ചർച്ചയായത്. ഇതിന്റെ തുടർച്ചയായാണ് എംജി കോളജ് പരിസരത്തെ കടകൾ ആദ്യം ഒഴിവാക്കിയത്.
തുടർന്ന് നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനുകളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന കോട്ടൺഹിൽ റോഡിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്.
ഒഴിപ്പിച്ച തട്ടുകടകളിൽ ഭൂരിഭാഗവും വൻകിട ഹോട്ടലുകളുടെ ഉടമസ്ഥതയിലുള്ളവയും ബെനാമി പേരുകളിൽ പ്രവർത്തിക്കുന്നവയുമാണെന്ന് പൊലീസ് വ്യക്തമാക്കി.
നടപ്പാതകൾ പൂർണ്ണമായി അടച്ചും, റോഡിലേക്ക് വാഹനങ്ങൾ പാർക്ക് ചെയ്യിച്ചും നടത്തുന്ന ഈ കച്ചവടങ്ങൾ പ്രദേശത്ത് രൂക്ഷമായ ഗതാഗത സ്തംഭനമാണ് സൃഷ്ടിക്കുന്നത്. നഗരത്തിന്റെ മറ്റ് പ്രധാന ഭാഗങ്ങളിലും നടപ്പാത കയ്യേറി പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പരിശോധനയും ഒഴിപ്പിക്കലും തുടരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

