ചാരുംമൂട് കേന്ദ്രീകരിച്ച് നടന്ന കോടികളുടെ സ്വർണപ്പണയ വായ്പാത്തട്ടിപ്പ് കേസിൽ രണ്ടാം പ്രതി പിടിയിൽ. ആലപ്പുഴ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ പ്രതിയായ കേസിലാണ് ടിനു തമ്പാൻ അറസ്റ്റിലായത്.
ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നിർദേശാനുസരണം കുറത്തികാട് എസ്എച്ച്ഒ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ പിടികൂടിയത്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപമുള്ള ബന്ധുവായ മിനി ഫിലിപ്പിന്റെ വസതിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഈ മാസം മൂന്നാം തീയതി മുതൽ ഒളിവിലായിരുന്ന പ്രതിക്കായി അന്വേഷണം ശക്തമാക്കിയിരുന്നു. കേസിലെ മറ്റു പ്രതികളായ രാഹുൽ രാധാകൃഷ്ണൻ, രാധാകൃഷ്ണപിള്ള എന്നിവർക്കായി പൊലീസിന്റെ തിരച്ചിൽ തുടരുകയാണ്.
അറസ്റ്റ് വിവരമറിഞ്ഞ് സ്വർണവും പണവും നഷ്ടപ്പെട്ട നിരവധി നിക്ഷേപകരും ഇടപാടുകാരും കുറത്തികാട് പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി.
ചുനക്കര, കറ്റാനം, ഭരണിക്കാവ് ഇല്ലത്തുമുക്ക് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ശ്രീലകം ഫിനാൻസിന്റെ മറവിലായിരുന്നു പ്രതികൾ കോടികളുടെ വെട്ടിപ്പ് നടത്തിയിരുന്നത്. മറ്റ് ബാങ്കുകളിൽ പണയംവെച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ ടേക്ക് ഓവർ ചെയ്ത് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് അരങ്ങേറിയത്.
ഇടപാടുകാരുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചശേഷമായിരുന്നു സംഘം ഈ കൃത്രിമം കാട്ടിയത്. ഏകദേശം നാലുകോടിയോളം രൂപയുടെ തട്ടിപ്പാണ് സ്ഥാപനത്തിന്റെ പേരിൽ നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ മാസം മൂന്നിന് കറ്റാനം സ്വദേശിനി സുമ വിനോദ് ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് തട്ടിപ്പിന്റെ യഥാർത്ഥ വ്യാപ്തി പുറത്തുവരുന്നത്. കുറത്തികാട് പൊലീസാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
ഇതുവരെ അമ്പതോളം പേരാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. പരാതിക്കാരിയായ സുമ വിനോദിന്റെ 416 ഗ്രാം സ്വർണമാണ് സംഘം തട്ടിയെടുത്തത്.
തങ്ങൾ നടത്തുന്ന സ്ഥാപനമാണെന്നും പലിശയിളവ് നൽകാമെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു വഞ്ചന. പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് സ്ഥാപനത്തിൽ ആഭരണങ്ങൾ ഇല്ലെന്ന വിവരം ഇടപാടുകാർ അറിയുന്നത്.
പണയം സ്വീകരിച്ച സമയത്ത് ഇടപാടുകാരന് നൽകിയ രസീതിൽ ചെറിയൊരു തുകയും, സ്ഥാപനത്തിന്റെ ഔദ്യോഗിക രജിസ്റ്ററിൽ വളരെ വലിയ തുകയുമാണ് രേഖപ്പെടുത്തിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിൽ, സ്വർണപ്പണയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കാൻ ടിനു തമ്പാന്റെ വസതിയിലെത്തിയ സുമയെ, ടിനുവിന്റെ ഭർത്താവ് സജുവും രാഹുൽ രാധാകൃഷ്ണനും ചേർന്ന് മർദിച്ചെന്ന പരാതിയിൽ നൂറനാട് പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സുമ വിനോദിന് പുറമെ കരിമുളയ്ക്കൽ സ്വദേശിനി സുബീനയുടെ 112 ഗ്രാം സ്വർണവും, കരിമുളയ്ക്കൽ സ്വദേശിനി സരസ്വതിയുടെ 32 ഗ്രാം സ്വർണവും ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. സമാനമായ സ്വഭാവത്തിലുള്ള നിരവധി പരാതികളാണ് കുറത്തികാട് സ്റ്റേഷനിൽ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വഞ്ചിക്കപ്പെട്ട വിവരം വൈകിയറിഞ്ഞ് ഇനിയും നിരവധിപേർ പരാതികളുമായി സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

