ഫിലിപ്പീൻസിലെ സാമ്പോവാങ്ക നഗരത്തിലുള്ള അറ്റിനിയോ ഡി സാമ്പോവാങ്ക സർവകലാശാല ക്യാംപസിലെ ഹൈസ്കൂളിൽ ഞെട്ടിക്കുന്ന സംഭവം. പിതാവിന്റെ തോക്കുകളുമായി സ്കൂളിലെത്തിയ ഒൻപതാംക്ലാസ് വിദ്യാർഥി മുഹമ്മദ് മെൽ ജലാനി സഹപാഠിയെ വെടിവച്ചു കൊലപ്പെടുത്തി.
ക്ലാസ് മുറികളിലേക്കു തുരുതുരാ വെടിയുതിർത്ത പ്രതി, ഈ ദൃശ്യങ്ങൾ തത്സമയം സമൂഹമാധ്യമത്തിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ആക്രമണം നടത്തിയത്. ശരീരത്തിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചാണു ഫെയ്സ്ബുക്കിൽ ലൈവ് സ്ട്രീമിങ് നടത്തിയത്.
സ്കൂളിന്റെ പടികയറുമ്പോൾ തന്നെ ലൈവ് സ്ട്രീമിങ് തുടങ്ങിയിരുന്നു. ക്ലാസിൽ കയറി അധ്യാപകനുനേരെ വെടിയുതിർത്തെങ്കിലും ലക്ഷ്യം തെറ്റി.
തുടർന്ന് അടുത്ത ക്ലാസിലേക്കു കയറി തുരുതുരാ വെടിവച്ച ശേഷം നാലാം നിലയിലേക്കു കയറി പത്താം ക്ലാസ് വിദ്യാർഥിയെ വെടിവച്ചു കൊന്നു. പിന്നീട് അഞ്ചാംനിലയിലെത്തി അധ്യാപകനുനേരെയും സഹപാഠികൾക്കുനേരെയും വെടിയുതിർത്ത ശേഷം സ്വയം വെടിവച്ച് കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കുകയായിരുന്നു.
ഈ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്കു പരുക്കേറ്റിട്ടുണ്ട്. എന്നാൽ നൂറുകണക്കിനു വിദ്യാർഥികളെ കൃത്യസമയത്ത് ഒഴിപ്പിക്കാൻ സാധിച്ചതിനാൽ വൻദുരന്തമാണ് ഒഴിവായത്.
കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ തോക്കുകളാണ് കൃത്യത്തിനായി ഉപയോഗിച്ചതെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. അക്രമിയുടെ ഗെയിമിങ്, ചാറ്റ് വിവരങ്ങൾ എന്നിവ അധികൃതർ ശേഖരിച്ചുവരികയാണ്.
കഴിഞ്ഞ ജൂണിൽ ടാക്ലോബൻ നഗരത്തിലെ സ്കൂളിൽ വിദ്യാർഥി മൂന്ന് സഹപാഠികളെ വെടിവച്ചു കൊന്നിരുന്നു. ഫിലിപ്പീൻസിലെ സ്കൂളുകളിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്.
സംഭവത്തിൽ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

