പുന്നമടക്കായലിലെ ഓളപ്പരപ്പുകളിൽ ആയിരങ്ങളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ചുണ്ടൻവള്ളങ്ങൾ വെറുമൊരു കായിക മത്സരത്തിനുള്ള വള്ളങ്ങളല്ല; മറിച്ച് മലയാളി മനസ്സിന്റെ വികാരവും മാസങ്ങൾ നീളുന്ന കഠിനാധ്വാനത്തിന്റെ തച്ചുശാസ്ത്ര വിസ്മയവുമാണ്. കേരളത്തിലെ കായൽപരപ്പുകളിൽ വിസ്മയം തീർക്കുന്ന ഇരുപതോളം ചുണ്ടൻവള്ളങ്ങളിൽ ഭൂരിഭാഗവും പണിതുയർത്തിയത് സാബു നാരായണൻ ആശാരിയും അദ്ദേഹത്തിന്റെ മൂത്ത ജ്യേഷ്ഠൻ ഉമാമഹേശ്വരൻ ആശാരിയും ചേർന്നാണ്.
ഇത്തവണ നെഹ്റു ട്രോഫി ലക്ഷ്യം വെച്ച് ഇറങ്ങുന്ന ആർപ്പൂക്കര ചുണ്ടന്റെ പണിപ്പുരയിൽ വെച്ച്, വള്ള നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും തച്ചുശാസ്ത്ര രഹസ്യങ്ങളും സാബു നാരായണൻ ആശാരി പങ്കുവെക്കുന്നു. 1989-ൽ പിതാവിനൊപ്പം കല്ലൂപറമ്പൻ ചുണ്ടന്റെ നിർമ്മാണത്തിൽ സഹായിയായാണ് സാബു നാരായണൻ ആശാരി വള്ളം പണിയുടെ തുടക്കം കുറിക്കുന്നത്.
2010 വരെ ജ്യേഷ്ഠൻ ഉമാമഹേശ്വരൻ ആശാരിക്കൊപ്പവും ചേർന്നു പ്രവർത്തിച്ചു. 2010-ൽ ഒരു വെപ്പുവള്ളത്തിന്റെ നിർമ്മാണത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര ശില്പിയായി മാറിയത്.
തുടർന്ന് ശ്രീഗണേശൻ, വലിയദിവാൻജി ചുണ്ടനുകളുടെ അറ്റകുറ്റപ്പണികൾ അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. 2012-ൽ സ്വന്തമായി രൂപകല്പന ചെയ്ത ആദ്യ പുത്തൻ ചുണ്ടനായ ആയാപറമ്പ് പാണ്ടി നീറ്റിലിറക്കി.
പിന്നീട് സെന്റ് പയസ്, നടുഭാഗം, വീയപുരം തുടങ്ങി നിരവധി പ്രമുഖ ചുണ്ടനുകൾ സാബു ആശാരിയുടെ മേൽനോട്ടത്തിൽ പിറവിയെടുത്തു. നിർമ്മാണരീതികളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ: “ആഞ്ഞിലിത്തടിയിലാണ് കൂടുതലും ചുണ്ടൻ വള്ളങ്ങൾ നിർമിക്കുന്നത്.
120 മുതൽ 130 അടി വരെ നീളമുള്ള ചുണ്ടൻവള്ളങ്ങൾക്ക് ആവശ്യമായ വഴക്കം നൽകാൻ ആഞ്ഞിലിത്തടിക്കു മാത്രമേ സാധിക്കൂ. കഠിനമായ തുഴച്ചിലിന്റെ ആഘാതത്തിലും വളവുകളിലും തടിയുടെ വഴക്കം അത്യാവശ്യമായതിനാലാണ് തേക്കോ കമ്പകമോ ചുണ്ടൻവള്ളങ്ങൾക്ക് ഉപയോഗിക്കാത്തത്; ഇത്തരം കട്ടി കൂടിയ തടികൾ ഉപയോഗിച്ചാൽ വള്ളത്തിന് പൊട്ടലോ വിറയലോ ഉണ്ടാകാൻ സാധ്യതയുണ്ട്.” പാരമ്പര്യ തച്ചുശാസ്ത്ര വിധിപ്രകാരം അൻപത്തിമൂന്നേകാൽ കോൽ നീളവും, 53 വിരൽ വണ്ണവും, 18 വിരൽ താഴ്ചയുമാണ് ചുണ്ടന്റെ കണക്ക്.
ആധുനിക രീതിയിലേക്ക് വരുമ്പോൾ ഇത് 128 അടി നീളവും, 63–64 ഇഞ്ച് വീതിയും, 28 ഇഞ്ച് താഴ്ചയുമായി മാറുന്നു. 2000-ന് മുൻപുണ്ടായിരുന്ന പരമ്പരാഗത ‘V’ കട്ടിങ് ശൈലിക്ക് പകരം, ആധുനിക തുഴച്ചിൽ രീതികൾക്ക് അനുയോജ്യമായ രീതിയിൽ പരന്ന അടിത്തറയുള്ള ബോട്ട് മോഡലുകളിലേക്ക് വള്ളങ്ങൾ മാറിയിട്ടുണ്ട്.
ഒരു ചുണ്ടനിൽ 85 തുഴച്ചിൽക്കാരും, 5 പങ്കായക്കാരും, 7 താളക്കാരും ഉൾപ്പെടെ 97 പേരാണ് അണിനിരക്കുന്നത്. ഒരു ചുണ്ടൻവള്ളത്തിന്റെ നിർമ്മാണത്തിന് തടി, 3 ക്വിന്റൽ ഇരുമ്പ്, 25 കിലോ പിച്ചള ഷീറ്റുകൾ, വെളിച്ചെണ്ണ, ചെഞ്ചില്യം തുടങ്ങിയ സാമഗ്രികൾ ഉൾപ്പെടെ 60 മുതൽ 65 ലക്ഷം രൂപ വരെ ചെലവ് വരും.
ഇതിനുപുറമെ നെഹ്റു ട്രോഫി മത്സരത്തിനായി ക്ലബ്ബുകൾ നടത്തുന്ന തുഴച്ചിൽ ക്യാമ്പുകൾക്കും തുഴക്കാരുടെ പ്രതിഫലത്തിനുമായി 50 ലക്ഷത്തോളം രൂപ വേറെയും ചെലവാകുന്നു. മത്സരരംഗത്തേക്ക് ഒരു പുതിയ ചുണ്ടൻവള്ളം എത്തുമ്പോൾ മൊത്തം ചെലവ് ഒരു കോടി രൂപ കടക്കുന്നു.
മത്സരഫലങ്ങളെക്കുറിച്ച് സാബു ആശാരി പറയുന്നത്: “ഒരു ശിൽപിയെ സംബന്ധിച്ചിടത്തോളം ഒരു ചുണ്ടൻ നെഹ്റു ട്രോഫി നേടുക എന്നത് തന്നെയാണ് വലിയ കാര്യം. എന്നാൽ എല്ലാ വള്ളങ്ങൾക്കും ഒരു മത്സരത്തിൽ ജയിക്കാനാകില്ലല്ലോ.
നെഹ്റു ട്രോഫിയിൽ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത് 50 ശതമാനം വള്ളത്തിന്റെ മികവും ബാക്കി 50 ശതമാനം തുഴച്ചിൽ ടീമിന്റെ ഒത്തൊരുമയുമാണ്. വെറും രണ്ടും മൂന്നും അടികളുടെ വ്യത്യാസത്തിലാണ് വള്ളങ്ങൾ തോൽക്കുന്നത്.
പരാജയപ്പെടുന്ന വള്ളങ്ങളും ഒട്ടും മോശമല്ല, അവയെല്ലാം നിർമ്മാണത്തികവുള്ള ജലവിസ്മയങ്ങൾ തന്നെയാണ്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

