മഴയ്ക്ക് ശമനമായതോടെ വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. ഓണാവധിക്ക് മുന്നോടിയായി വിവിധ പ്രദേശങ്ങളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങിയതാണ് സന്ദർശകരുടെ വരവ് വര്ധിപ്പിച്ചത്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് എത്തുന്നവരിൽ ഭൂരിഭാഗവും. നല്ലതണ്ണി, മൂന്നാർ ടൗൺ, ഇക്ക നഗർ, മാട്ടുപ്പെട്ടി, ദേവികുളം ഗ്യാപ് റോഡ്, ചൊക്രമുടി എന്നിവിടങ്ങളിലാണ് നിലവിൽ കുറിഞ്ഞി വ്യാപകമായി പൂത്തിട്ടുള്ളത്.
മഴ മാറിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ പൂക്കൾ വിരിഞ്ഞുതുടങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൊക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് ഔദ്യോഗികമായി തുടക്കമായിട്ടുണ്ട്.
ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് ഇവിടെ പ്രവേശനം അനുവദിക്കും. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ–ബോഡിമെട്ട് റോഡിൽ ദേവികുളത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിന് സമീപമാണ് പ്രവേശന കവാടം സജ്ജീകരിച്ചിരിക്കുന്നത്.
വനം വകുപ്പിന്റെ വെബ് സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ് സൗകര്യം ഉടൻ നിലവിൽ വരും.
മുതിർന്നവർക്ക് 200 രൂപയും 18 വയസ് വരെ പ്രായമുള്ളവർക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ 7 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശന സമയം.
സഞ്ചാരികളുടെ വലിയ തിരക്ക് മുൻകൂട്ടി കണ്ട് മൂന്നാറിൽ നിന്ന് ദേവികുളത്തേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിക്കും. സന്ദർശകർ സ്വകാര്യ, ടാക്സി വാഹനങ്ങൾ മൂന്നാറിൽ പാർക്ക് ചെയ്ത ശേഷം ഈ ബസുകളിൽ ദേവികുളത്തേക്ക് യാത്ര ചെയ്യേണ്ടതാണ്.
ഇതുവഴി പ്രദേശത്തെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സെപ്റ്റംബർ ആദ്യവാരത്തോടെ ചൊക്രമുടി മലനിരകൾ പൂർണമായും വയലറ്റ് പട്ട് വിരിച്ചതുപോലെയാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഓണാവധി സമയത്തായിരിക്കും ഏറ്റവും കൂടുതൽ കുറിഞ്ഞികൾ ഒരുമിച്ച് പൂക്കുക. അതേസമയം, പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരത്തിലുള്ള മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികൾ അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും.
ഇവിടെ നിലവിൽ ഒറ്റപ്പെട്ട രീതിയിൽ മാത്രമാണ് ചെടികൾ പൂവിട്ടിട്ടുള്ളതെന്ന് കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) അധികൃതർ അറിയിച്ചു.
കെഎഫ്ഡിസിയുടെ നിയന്ത്രണത്തിലുള്ള ഈ മേഖലയിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തതിന് ശേഷമേ സഞ്ചാരികൾക്കായി തുറന്നു നൽകുകയുള്ളൂ. മീശപ്പുലിമലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ആദ്യഘട്ടത്തിൽ പ്രതിദിനം 750 സഞ്ചാരികളെ മാത്രമായിരിക്കും പ്രവേശിപ്പിക്കുക.
യാത്രാക്കൂലിയും ഭക്ഷണവും ഉൾപ്പെടെ ഒരാൾക്ക് 1200 രൂപ ടിക്കറ്റ് നിരക്ക് ഈടാക്കാനാണ് തീരുമാനം. ചൊക്രമുടിക്കും മീശപ്പുലിമലയ്ക്കും പുറമെ ഇടുക്കിലെ ഇടലിമേടും ഇത്തവണ നീലക്കുറിഞ്ഞി പൂവിടുന്ന പ്രധാന ഇടങ്ങളിലൊന്നാണ്.
അതിനിടയിൽ, മൂന്നാറിലെത്തുന്ന ചില സന്ദർശകർ നീലക്കുറിഞ്ഞി പൂക്കളും ചെടികളും നശിപ്പിക്കുന്നതായി ഗുരുതര പരാതി ഉയർന്നിട്ടുണ്ട്. ഇക്കാ നഗറിൽ ചിത്രങ്ങളെടുത്തശേഷം പൂക്കളും ചെടികളും വേരോടെ പറിച്ചു കൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്.
ഇവിടെ ഇപ്പോൾ ഏതാനും പ്രദേശങ്ങളിൽ മാത്രമാണ് പൂക്കളും ചെടികളും അവശേഷിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ വണ്ണിൽ ഉൾപ്പെടുന്ന സസ്യമാണ് നീലക്കുറിഞ്ഞി.
പൂക്കളും ചെടികളും പറിക്കുന്നതും നശിപ്പിക്കുന്നതും 25000 രൂപ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. സസ്യങ്ങൾ നശിപ്പിക്കുന്നതായി കണ്ടെത്തിയാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ദേവികുളം റേഞ്ചർ ഇ.ഡി.അരുൺകുമാർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

