പാലക്കാട് ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോ എംഡിഎംഎ ഉൾപ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കളുമായി ഒരു സ്ത്രീ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒലവക്കോട് വെച്ചാണ് ദമ്പതികളും അവരുടെ സുഹൃത്തും അടങ്ങുന്ന സംഘം പിടിയിലായത്. പിടികൂടിയ ലഹരിവസ്തുക്കൾക്ക് വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലവരും.
എംഡിഎംഎയ്ക്ക് പുറമേ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എല്എസ്ഡി സ്റ്റാമ്പ് എന്നിവയും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഇയാളുടെ ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലാണ് പ്രതികൾ ലഹരി വസ്തുക്കൾ കടത്തിയത്. ബെംഗളൂരുവിൽ നിന്നാണ് കാറിൽ ലഹരിമരുന്ന് എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
വരാനിരിക്കുന്ന ഓണക്കാലത്തെ പ്രത്യേക വിപണി ലക്ഷ്യമിട്ടാണ് സംഘം കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിയിലായവർ സ്ഥിരം ലഹരിക്കടത്തുകാരാണെന്നും ഇവർക്ക് പിന്നിൽ വൻ ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

