സംസ്ഥാന തലസ്ഥാനത്തെ സന്ദർശകർക്ക് പുത്തൻ കൗതുകക്കാഴ്ചയൊരുക്കിക്കൊണ്ട് ഓണക്കാലത്ത് ഒരു ജോഡി സീബ്രകൾ തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തുന്നു. ഗുജറാത്തിലെ വാൻതാര ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്നാണ് ഈ സീബ്രകളെ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നത്.
കേന്ദ്ര മൃഗശാല അതോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിച്ചതോടെ മൃഗങ്ങളുടെ കൈമാറ്റ നടപടികൾ കൂടുതൽ വേഗത്തിലായി. ഈ കൈമാറ്റത്തിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലെയെയുമാണ് വൻതാരയിലേക്ക് തിരികെ നൽകുന്നത്.
മൂന്നും അഞ്ചും വയസ്സു പ്രായമുള്ള സീബ്രകളാണ് തലസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നത്. പ്രത്യേകം സജ്ജീകരിച്ച അനിമൽ ആംബുലൻസിൽ റോഡ് മാർഗമുള്ള മൂന്നു ദിവസം നീളുന്ന യാത്രാവേളയ്ക്ക് ശേഷമാണ് ഇവ മൃഗശാലയിൽ എത്തുക.
ഓണം അവധിക്കാലത്ത് തന്നെ മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് ഈ പുതിയ അതിഥികളെ നേരിൽ കാണാൻ സാധിക്കുന്ന രീതിയിലാണ് അധികൃതർ കാര്യങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് മൃഗശാല സൂപ്രണ്ട് അനിൽകുമാറും ഡയറക്ടർ മഞ്ജുളാദേവിയും വ്യക്തമാക്കി. തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം വീണ്ടും ഉറപ്പാക്കാൻ ഒൻപത് വർഷത്തെ കാത്തിരിപ്പാണ് വേണ്ടിവന്നത്.
2002 ഏപ്രിലിലായിരുന്നു ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് ‘സീത’ എന്ന സീബ്ര തിരുവനന്തപുരത്തെത്തിയത്. അന്നുമുതൽ സന്ദർശകരുടെ ഏവരുടെയും പ്രിയപ്പെട്ട
കാഴ്ചകളിലൊന്നായി മാറിയ സീത, പ്രായാധിക്യം മൂലം 2017ലാണ് മരണപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

