പ്രവാസി ഇന്ത്യക്കാരിൽ നിന്ന് സമാഹരിച്ച നിക്ഷേപങ്ങൾ വഴി ശക്തമായ വിദേശനാണ്യ വരവ് ഉണ്ടായതിനെത്തുടർന്ന്, ബാങ്കുകൾക്കായുള്ള ഇളവുകളോടുകൂടിയ ഫോറെക്സ് സ്വാപ് സൗകര്യം നിശ്ചയിച്ചതിലും ഒരു മാസം മുൻപേ അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പുതുക്കിയ സമയക്രമമനുസരിച്ച്, 31 വരെ സമാഹരിക്കുന്ന വിദേശ കറൻസി നിക്ഷേപങ്ങൾക്ക് ബാങ്കുകൾക്ക് ഈ ‘സീറോ-കോസ്റ്റ് ഹെഡ്ജിങ്’ സൗകര്യം പ്രയോജനപ്പെടുത്താം.
മുൻപ് സെപ്റ്റംബർ 30 ആയിരുന്നു ഇതിന്റെ അവസാന തീയതി. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ക്രൂഡ്ഓയിൽ വില പരിധിവിട്ട് ഉയർന്നതോടെ രൂപയ്ക്കുണ്ടായ വൻ മൂല്യത്തകർച്ച തടയാനും വിദേശനാണ്യ വരവ് പ്രോത്സാഹിപ്പിക്കുന്നതിനുമായി കഴിഞ്ഞ ജൂണിൽ ആർബിഐ സ്വീകരിച്ച നടപടികളുടെ ഭാഗമായിരുന്നു ഈ ഫോറെക്സ് സ്വാപ് സൗകര്യം.
എഫ്സിഎൻആർ(ബി) നിക്ഷേപങ്ങൾക്കായുള്ള സ്വാപ് സൗകര്യത്തിന് ലഭിച്ച മികച്ച പ്രതികരണവും അതുവഴിയുണ്ടായ വിദേശനാണ്യ വരവും കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്ന് ആർബിഐ വ്യക്തമാക്കി. ജൂൺ 8നും ഓഗസ്റ്റ് 13നും ഇടയിൽ എഫ്സിഎൻആർ(ബി) നിക്ഷേപങ്ങളിലൂടെ ബാങ്കുകൾ 52.3 ബില്യൻ ഡോളർ സമാഹരിച്ചതായി കേന്ദ്ര ബാങ്ക് അറിയിച്ചു.
എക്സ്റ്റേണൽ കമേഴ്സ്യൽ ബോറോയിങ്സിനായുള്ള സ്വാപ് സൗകര്യങ്ങൾ വഴി 1.7 ബില്യൻ ഡോളറും അംഗീകൃത വായ്പാ ദാതാക്കൾ നടത്തിയ വിദേശ കറൻസി വായ്പകളിലൂടെ 2.8 ബില്യൻ ഡോളറും സമാഹരിച്ചു. ഈ രണ്ട് വിഭാഗങ്ങളിലുള്ള വായ്പകൾക്കായുള്ള കാലാവധി ഈ വർഷം അവസാനം വരെ തുടരുമെന്നും ആ സമയപരിധിയിൽ മാറ്റമില്ലെന്നും ആർബിഐ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

