ഉത്തർ പ്രദേശിലെ ആഗ്രയിൽ രാജ്യത്തെ ഞെട്ടിച്ച ക്രൂരകൃത്യം അരങ്ങേറി. സെൽഫിയെടുക്കാൻ എന്ന വ്യാജേന ഒരു വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളെ പാലത്തിൽ നിന്നും യമുനാ നദിയിലേക്ക് എറിഞ്ഞ പിതാവ് അറസ്റ്റിലായി.
കുഞ്ഞിനെ എറിഞ്ഞതിനു പിന്നാലെ തന്റെ ഭാര്യയെയും നദിയിലേക്ക് തള്ളിയിടാൻ ഇയാൾ ശ്രമം നടത്തി. കാണാതായ പിഞ്ചുകുഞ്ഞിനായി നദിയിൽ ഡൈവർമാരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
ആഗ്രയിലെ സിക്കന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അക്ബര യമുനാ പാലത്തിലാണ് ഈ ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിയായ റിങ്കുവും ഭാര്യ ലക്ഷ്മിയും ചേർന്ന് തങ്ങളുടെ ഒരു വയസ്സുകാരിയായ മകളോടൊപ്പം ഇരുച്ചക്ര വാഹനത്തിൽ ആഗ്ര നഗരം സന്ദർശിക്കാനായി ഇറങ്ങിയതായിരുന്നു.
എന്നാൽ യാത്രയ്ക്കിടയിൽ ഇരുവർക്കുമിടയിൽ വഴക്കുണ്ടായി. യാത്രാവേളയിൽ പെട്ടെന്ന് പാലത്തിനു മുകളിൽ ഇരുച്ചക്ര വാഹനം നിർത്തിയ റിങ്കു, മകളോടൊപ്പം ഒരു സെൽഫി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് കുട്ടിയെയുമെടുത്ത് പാലത്തിന്റെ കൈവരിക്ക് അരികിലേക്ക് നീങ്ങിയ ഇയാൾ, കുഞ്ഞിനൊപ്പം ഫോട്ടോ എടുത്തതിനു തൊട്ടുപിന്നാലെ പെട്ടെന്ന് കുട്ടിയെ യമുനാ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇത് കണ്ട് ഭയന്നുവിറച്ച ലക്ഷ്മി കുഞ്ഞിനെ രക്ഷിക്കാനായി ഓടിയെത്തിയപ്പോൾ, റിങ്കു അവരെയും പാലത്തിൽ നിന്നും താഴേക്ക് തള്ളിയിടാൻ ശ്രമിച്ചു.
ലക്ഷ്മി നിലവിളിച്ചതോടെ അതുവഴി കടന്നുപോയ മറ്റ് യാത്രക്കാർ സംഭവസ്ഥലത്തേക്ക് ഓടിക്കൂടുകയായിരുന്നു. ലക്ഷ്മി കരഞ്ഞുകൊണ്ട് നടന്ന വിവരങ്ങൾ വിവരിച്ചതോടെ പ്രകോപിതരായ ജനക്കൂട്ടം റിങ്കുവിനെ പിടികൂടി കൈകാര്യം ചെയ്തു.
നാട്ടുകാർ ഇയാളെ കെട്ടിയിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിക്കന്ദ്ര പൊലീസിന് നാട്ടുകാർ പ്രതിയെ കൈമാറി.
ലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

