ബെംഗളൂരുവിൽ ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എൻജിനീയറായ സുമന്ത് ജെയിൻ, സോഫ്റ്റ്വെയർ എൻജിനീയറായ ഭാര്യ പദ്മാവതി എന്നിവരാണ് മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടാവുകയും അത് പിന്നീട് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. തർക്കത്തിനിടയിൽ സുമന്ത് പദ്മാവതിയുടെ മുഖത്തടിക്കുകയും തുടർന്ന് തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കുകയുമാണുണ്ടായത്.
എന്നാൽ കൃത്യത്തിന് ശേഷം ഭാര്യയെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് അവർ അനക്കമില്ലാതെ കിടക്കുന്ന വിവരം ഇയാൾ തിരിച്ചറിയുന്നത്. തുടർന്ന് പരിഭ്രാന്തനായ സുമന്ത് ഉടൻ തന്റെ അമ്മയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും പിന്നാലെ മൊബൈലിൽ ആത്മഹത്യ സന്ദേശം അയക്കുകയും ചെയ്തു.
ഈ സന്ദേശം കണ്ട് ആശങ്കയിലായ അമ്മ ഉടൻ തന്നെ ഇവരുടെ വീട്ടുടമസ്ഥനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വീട് തുറന്നു നടത്തിയ പരിശോധനയിലാണ് ഹാളിലെ സീലിങ് ഫാനിൽ സുമന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിക്കുള്ളിലായി പദ്മാവതിയും മരണപ്പെട്ട് കിടക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചറിഞ്ഞ് രാജഗോപാൽ നഗർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പദ്മാവതിയുടെ മരണത്തിന്റെ യഥാർത്ഥ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

