നഗരത്തിലെ വഴിയോരക്കച്ചടവുകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക മേഖലകളിലേക്ക് തട്ടുകടകൾ മാറ്റി സ്ഥാപിക്കാൻ കോർപറേഷൻ നടപടികൾ ആരംഭിച്ചു. ഇതിനായി നഗരത്തിൽ പ്രത്യേക തട്ടുകട
വെൻഡിങ് സോൺ രൂപീകരിക്കാനാണ് തീരുമാനം. ഒരേ തരത്തിൽ പ്രവർത്തിക്കുന്ന കടകൾ ഒരു പ്രത്യേക മേഖലയിലേക്ക് മാറ്റാനാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.
ഓരോ വാർഡിലും വെൻഡിങ് സോണുകൾ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനായി പ്രത്യേക സംഘത്തെ കോർപറേഷൻ ചുമതലപ്പെടുത്തി. എൻജിനീയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് എൻജിനീയർമാരും ആരോഗ്യ വിഭാഗത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘമാണ് ഇതിനായി പ്രവർത്തിക്കുന്നത്.
ഈ സംഘം പരിശോധന നടത്തി 18നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോർപറേഷന്റെ നിർദ്ദേശം. റോഡുകളുടെ വശങ്ങളും നടപ്പാതകളും കയ്യേറി തട്ടുകടകൾ പ്രവർത്തിക്കുന്നതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
നഗരത്തിൽ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് കോർപറേഷന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ഔദ്യോഗിക അനുമതിയുണ്ടോ എന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ പരിശോധിച്ച് വരുന്നുണ്ട്. വാർഡുകളിൽ ഇതിനായി അനുയോജ്യമായ സ്ഥലങ്ങളുടെ പട്ടിക അസിസ്റ്റന്റ് എൻജിനീയർമാരാണ് തയാറാക്കുന്നത്.
ഈ പട്ടിക ക്രോഡീകരിച്ച് ഒരേ സ്വഭാവത്തിലുള്ള തട്ടുകടകൾക്ക് പ്രത്യേക മേഖലകൾ അനുവദിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വർഷങ്ങളായി നഗരത്തിൽ പ്രവർത്തിക്കുന്ന കടകൾക്ക് പുതിയ വെൻഡിങ് സോണുകളിൽ മുൻഗണന നൽകും.
അതേസമയം, സോണുകൾ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ നഗരത്തിന്റെ പല ഭാഗങ്ങളിലും അനധികൃതമായി പുതിയ കടകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ആഴ്ചകൾക്ക് മുൻപ് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ അനധികൃത തട്ടുകടകളുടെ പ്രവർത്തനം സംബന്ധിച്ച് വലിയ തോതിൽ പരാതികൾ ഉയർന്നിരുന്നു.
ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിലും നടപ്പാതകൾ കയ്യേറിയും പ്രവർത്തിക്കുന്ന ഇത്തരം കടകൾക്ക് പരിഹാരമായി വെൻഡിങ് സോണുകൾ വേഗത്തിൽ നടപ്പാക്കണമെന്ന് പൊലീസും കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

