അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് യാത്രാദുരിതവും കടുത്ത അപകടഭീഷണിയുമെന്ന് പരാതി. അപ്രോച്ച് റോഡിനായി സ്ഥാപിക്കുന്ന കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിലൂടെ മണൽ ഒലിച്ചിറങ്ങുന്നത് ഇരുചക്രവാഹനയാത്രക്കാർക്കാണ് വലിയ ഭീഷണിയാകുന്നത്.
മഴ സമയത്ത് റോഡിൽ കുഴമ്പ് രൂപത്തിലാണ് മണൽ ഒലിച്ചിറങ്ങുന്നത്. കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ നാലു ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ അപകടത്തിൽപെട്ടത്.
തുറവൂർ കവലയ്ക്ക് തെക്കുഭാഗത്തായിരുന്നു ഈ അപകടങ്ങൾ ഉണ്ടായത്. അപ്രോച്ച് റോഡിന്റെ ഇരുവശവും കോൺക്രീറ്റ് കട്ടകളുപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിച്ചശേഷം മണൽ നിറയ്ക്കുകയാണ് ചെയ്യുന്നത്.
എന്നാൽ നിർമാണത്തിലെ അപാകതയാണ് മണൽ ഇത്തരത്തിൽ ഒലിച്ചിറങ്ങാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനിടെ തുറവൂർ ജംക്ഷനിലെ ഗതാഗതക്കുരുക്ക് മൂലം യാത്രക്കാർ ദുരിതത്തിലാണ്.
അരൂർ- തുറവൂർ ഉയരപ്പാത അവസാനിക്കുന്ന തുറവൂർ ജംക്ഷനിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജംക്ഷനിലെ തെക്കു വശത്തുള്ള ഉയരപ്പാതയുടെ തൂണിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണമാണ് ഇപ്പോഴത്തെ ഗതാഗതകുരുക്കിന് പ്രധാന കാരണം.
പാതയുടെ ഇരുവശങ്ങളിലുമുള്ള സർവീസ് റോഡിലൂടെയുള്ള ഒറ്റവരി പാതയിലൂടെയാണ് നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത്. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും യാത്രക്കാരെ ഇറക്കാൻ പാതയിൽ തന്നെ നിർത്തുന്നതും കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.
നിലവിലെ സ്റ്റോപ്പിനടുത്തെ കാനയോടു ചേർന്ന് ബസുകൾ നിർത്തുന്നത് രാത്രികാലങ്ങളിൽ വലിയ അപകടങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്. രാവിലെയും വൈകിട്ടും ജോലിക്കു പോകുന്നവരും വിദ്യാർഥികളുമാണ് ഇതിലൂടെ ഏറെ ബുദ്ധിമുട്ടിലാവുന്നത്.
ജംക്ഷന് വടക്കുഭാഗം വരെ ഉയരപ്പാതയുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. നിലവിലെ പാതയുടെ ഇരുവശങ്ങളിലുമുള്ള ബസ് സ്റ്റോപ് ജംക്ഷന് വടക്കുഭാഗത്തേക്കു മാറ്റുകയാണെങ്കിൽ ഈ ഗതാഗത പ്രശ്നത്തിന് വലിയൊരു പരിഹാരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

