പെട്രോളും മരുന്നും വളവും ചിപ്പുകളും അടക്കമുള്ളവ ആഗോളതലത്തിൽ ആയുധവൽക്കരിക്കപ്പെട്ടുവെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് കനത്ത വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പ്രസംഗ വേളയിലാണ് ഒരു രാജ്യത്തിന്റെയും പേര് പരാമർശിക്കാതെ പ്രധാനമന്ത്രിയുടെ സുപ്രധാന പ്രസ്താവന.
‘‘സ്വയംപര്യാപ്തതയെ കുറിച്ച് ഞാൻ നേരത്തേ പറഞ്ഞിരുന്നു. എസി മുറിയിലിരിക്കുന്നവർ ചോദിച്ചേക്കാം അപ്പോൾ ആഗോളവൽക്കരണത്തിന് എന്തുപറ്റുമെന്ന്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ലോകം കണ്ടുകഴിഞ്ഞു – ഗ്ലോബലൈസേഷൻ ഇല്ലാതായി. ഓരോ രാജ്യവും സ്വന്തം താൽപ്പർ്യം മാത്രമാണ് നോക്കുന്നത്.
അതിർത്തികളും ആയുധവൽക്കരിച്ചു. കഴിഞ്ഞ 10 വർഷം ഇന്ത്യ പക്ഷേ, ശരിയായ ദിശയിലൂടെയാണ് കടന്നുപോയത് – സ്വയംപര്യാപ്തത എന്ന ലക്ഷ്യവുമായി’’ – നരേന്ദ്ര മോദി പറഞ്ഞു.
ലക്ഷ്യം 50 ഇന്ത്യൻ ‘ഫോർച്യൂൺ 500’ കമ്പനികൾ
ആഭ്യന്തരതലത്തിൽ വമ്പൻ സംരംഭങ്ങൾ രൂപീകരിക്കുന്നതിനൊപ്പം രാജ്യാന്തര തലത്തിൽ മത്സരിക്കാൻ കരുത്തുള്ള വൻകിട കമ്പനികളെ വളർത്തിയെടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കണം.
ഫോർച്യൂൺ മാഗസിന്റെ ലോകത്തെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടികയിൽ കുറഞ്ഞത് 50 എണ്ണമെങ്കിലും ഇന്ത്യയിൽ നിന്നുള്ളവയാകണം. മാനുഫാക്ചറിങ്, ടെക്നോളജി, ഇന്നവോഷൻ, രാജ്യാന്തര വ്യാപാരം എന്നിവയിലൂന്നിയാകണം രാജ്യത്തിന്റെ ഭാവി വളർച്ച.
ഇന്ത്യയുടെ സമഗ്ര വളർച്ചയുടെ കാതൽ ‘സപ്തധാര’കളായിരിക്കുമെന്ന് നരേന്ദ്ര മോദി എടുത്തുപറഞ്ഞു. ആഗോള ഉൽപാദന കേന്ദ്രമായി (മാനുഫാക്ചറിങ് ഹബ്ബ്) രാജ്യം ഉയർന്നുവരുമെന്നും, ഇതിനകം 40 രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറുകളിൽ ഒപ്പുവെക്കാൻ സാധിച്ചതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ആറുപതിറ്റാണ്ടുകൾ കൊണ്ട് കൈവരിക്കാനാകാത്ത നേട്ടങ്ങൾ അടുത്ത ആറര-ഏഴ് വർഷത്തിനുള്ളിൽ രാജ്യം സ്വന്തമാക്കണം. ഇതിനായി യുവജനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട്.
ഇത്തരം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നൂതന സാങ്കേതികവിദ്യകളും ഇന്നൊവേഷനും നിർണായക പങ്ക് വഹിക്കും. പ്രതിരോധ ‘ശക്തി’യായി ഇന്ത്യ
രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി നാല് മടങ്ങായി ഉയർന്നു.
ഇലക്ട്രോണിക്സ് ഉൽപന്ന നിർമാണ മേഖലയിലെ വളർച്ച ഏകദേശം ഏഴ് ഇരട്ടിയാണ്. മൊബൈൽ ഫോൺ നിർമാണത്തിൽ 33 മടങ്ങ് വളർച്ച കൈവരിച്ചുകൊണ്ട് ഇന്ത്യ നിർണായക ശക്തിയായി മാറിയിരിക്കുന്നു.
പ്രതിരോധ മേഖലയിൽ കൂടുതൽ ആത്മനിർഭരത കൈവരിക്കാൻ ആഭ്യന്തര ഉൽപാദനം വർധിക്കേണ്ടത് അനിവാര്യമാണ്. ഭാവി തലമുറയ്ക്കായുള്ള പ്രതിരോധ സാങ്കേതികവിദ്യകളിൽ ആഗോളതലത്തിലുള്ള പ്രമുഖ ‘സപ്ലയർ’ ആയി ഇന്ത്യ മാറേണ്ടതുണ്ട്.
ഡ്രോണുകൾ, കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ, ഹൈപ്പർസോണിക് സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ രാജ്യം അതിവേഗം കുതിക്കുകയാണ്. 2014-ൽ വെറും 46,000 കോടി രൂപയുടെ പ്രതിരോധ ഉൽപാദനമുണ്ടായിരുന്ന സ്ഥാനത്ത്, 2025-26 കാലയളവിലേക്ക് എത്തിയപ്പോൾ അത് 1.78 ലക്ഷം കോടി രൂപയായി ഉയർന്നുവെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.
പ്രതിരോധ കയറ്റുമതി അതിവേഗം 50,000 കോടി രൂപയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2025-26 വർഷത്തിൽ ഇത് 38,424 കോടി രൂപയിലെത്തിയിരുന്നു.
ബാങ്കിങ്, ഫാർമ രംഗങ്ങളിൽ ആഗോള മുന്നേറ്റം
ഇന്ത്യയുടെ ബാങ്കിങ് മേഖല ശ്ലാഘനീയമായ വളർച്ചയാണ് പ്രകടമാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ അഞ്ച് ബാങ്കുകളിൽ ഒന്നെങ്കിലും ഇന്ത്യയിൽ നിന്നുണ്ടാകുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, ആഗോളതലത്തിലെ മുൻനിര അഞ്ച് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഒന്നെങ്കിലും രാജ്യത്തുനിന്ന് രൂപംകൊള്ളണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. വളർച്ചയ്ക്ക് ‘പുതുവേഗം’; ചിപ്പിലും ശക്തിയാകാൻ ഇന്ത്യ
സെമികണ്ടക്ടർ അഥവാ ചിപ് നിർമാണ രംഗത്തും ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ച് ആഗോള ശക്തിയായി വളരുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
വരുംകാലയളവിൽ രാജ്യത്ത് അഞ്ച് മുതൽ എട്ട് വരെ സെമികണ്ടക്ടർ പ്ലാന്റുകൾ പ്രവർത്തനമാരംഭിക്കും. ഇതിനകം മൂന്ന് പ്ലാന്റുകളുടെ പ്രവർത്തനം ആരംഭിക്കുകയും അവിടെ നിന്നുള്ള കയറ്റുമതി തുടങ്ങുകയും ചെയ്തിട്ടുണ്ട്.
ആധുനിക ലോകത്തിന് ചിപ്പുകൾ എത്രമാത്രം അത്യന്താപേക്ഷിതമാണെന്നും അവയില്ലാത്ത ലോകം നിർജീവമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2014-ന് മുമ്പുള്ള കാലഘട്ടത്തിൽ ദുർബലമായ സാമ്പത്തിക വ്യവസ്ഥകളിൽ ഒന്നായിരുന്നു ഇന്ത്യയെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, വലിയ സ്വപ്നങ്ങളോടെയാണ് രാജ്യം സ്വാതന്ത്ര്യം നേടിയതെങ്കിലും വളർച്ചയുടെ വേഗത വളരെ മന്ദഗതിയിലായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
എന്നാൽ കഴിഞ്ഞ 12 വർഷത്തിനിടയിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയൊരു വേഗതയും ദിശയും ലഭ്യമാക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

