ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരിട്ടത് കടുത്ത ജാതീയമായ അധിക്ഷേപമാണെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വം രംഗത്ത്. സംഭവത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി അറിയപ്പെടുന്ന ഒരു മുതിർന്ന നേതാവിനുപോലും ഇത്തരത്തിലുള്ള ദുരനുഭവമാണ് ഉണ്ടാകുന്നതെങ്കിൽ, സാധാരണക്കാരായ ദളിത് വിഭാഗങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ചോദ്യമുയർത്തി. ഖർഗെക്കെതിരായ ജാതി അധിക്ഷേപത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ ആലിംഗന വിവാദത്തിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഹുൽ ഗാന്ധി ആരെയും വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
അദാനിക്ക് വേണ്ടി ട്രംപിന് മുന്നിൽ അടിയറ വെച്ചതാണോ ഇന്ത്യയുടെ വിദേശനയമെന്ന് ചോദിച്ച അദ്ദേഹം, തങ്ങൾ പറഞ്ഞ നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യം കോൺഗ്രസിനുണ്ടെന്നും കൂട്ടിച്ചേർത്തു. രചനാത്മക് കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനിലായിരുന്നു രാഹുല്‍ഗാന്ധിയുടെ വിവാദമായ ആലിംഗനം നടന്നത്.
വിദേശ രാഷ്ട്രത്തലവന്മാരെ കെട്ടിപ്പിടിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ രീതിയെ വിമര്‍ശിച്ചുകൊണ്ട്, നരേന്ദ്ര മോദിയുടെ നയതന്ത്ര ശൈലിയെയാണ് രാഹുല്‍ ഗാന്ധി പരിഹസിക്കാൻ ശ്രമിച്ചത്. ഖർഗെയുടെ പരാതി തള്ളി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാതി പൂർണ്ണമായി തള്ളി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി രംഗത്തെത്തി.
ഖർഗെയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധിച്ച സംഘടനയ്ക്ക് ബി ജെ പിയുമായി യാതൊരു ബന്ധവുമില്ലെന്നും, വിഷയം ദളിത് വിരുദ്ധമായി ചിത്രീകരിച്ച് ഖർഗെ ഇരവാദം ഉന്നയിക്കുകയാണെന്നും ധാമി ആരോപിച്ചു. ഹല്‍ദ്വാനിയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബി ജെ പി പ്രവര്‍ത്തകര്‍ വേദി ശുദ്ധീകരിച്ചെന്നും താന്‍ ദളിതനായതുകൊണ്ടാണെന്ന് അങ്ങനെ ചെയ്തതെന്നും അപമാനിതനായെന്നുമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്നലെ രാജ്യസഭയില്‍ പരാതി ഉന്നയിച്ചത്.
എന്നാൽ വേദി ശുദ്ധീകരിച്ച ശ്രീ രാം സേനയെന്ന സംഘടനയുമായി ബി ജെ പിക്ക് ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ബാബു ജഗ്ജീവൻ റാം, സീതാറാം കേസരി, ഡോ.
ബി ആർ അംബേദ്കർ തുടങ്ങിയ ദളിത് നേതാക്കളോട് കോൺഗ്രസ് മുൻകാലങ്ങളിൽ സ്വീകരിച്ച സമീപനം എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും പുഷ്കർ സിംഗ് ധാമി അഭിപ്രായപ്പെട്ടു. ഖർഗെയുടെ പരാമർശത്തിൽ മതവികാരം വ്രണപ്പെട്ടതിനെ തുടർന്നാണ് ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

