ചിലന്തികളിൽ വീര്യമുള്ള വിഷം ചീറ്റുന്ന ഇനങ്ങളെയാണ് ‘ബ്ലാക് വിഡോ’ എന്ന് വിളിക്കുന്നത്. എന്നാൽ റഷ്യയിൽ ഈ പദം ഇപ്പോൾ സൂചിപ്പിക്കുന്നത് കബളിപ്പിക്കലുകൾ നടത്തുന്ന ഒരു സംഘം സ്ത്രീകളെയാണ്.
യുക്രെയ്ൻ യുദ്ധത്തിലേക്ക് പോകുന്ന സൈനികരെ ലക്ഷ്യമിട്ടാണ് ഈ സംഘത്തിന്റെ പ്രവർത്തനം. ചെച്നിയയിലെയും ദാഗെസ്താനിലെയും സംഘർഷ കാലത്ത് ചാവേറുകളായി മാറിയ സ്ത്രീകളെയാണ് ചരിത്രത്തിൽ ഈ പേരിൽ വിശേഷിപ്പിച്ചിരുന്നത്.
ചെചൻ കലാപകാരികളുടെ വിധവകളും സഹോദരിമാരും മക്കളും ഇത്തരത്തിൽ ചാവേറുകളായിട്ടുണ്ട്. 2002-ൽ മോസ്കോയിലെ ഒരു തിയേറ്ററിൽ 800 പേരെ ബന്ദികളാക്കിയത് സ്ഫോടക വസ്തുക്കളുള്ള ബെൽറ്റ് ധരിച്ചിരുന്ന ബ്ലാക് വിഡോകളാണ്.
2008-ലെ ബെസ്ലാൻ സ്കൂൾ ഉപരോധത്തിലും ഇവർ ഉണ്ടായിരിന്നു. 2010-ലെ മോസ്കോ സബ്്വേ സ്ഫോടനത്തിലും കോക്കസസ് മേഖലയിലെ സ്ത്രീ ചാവേറുകൾ പങ്കാളികളായിരുന്നു എന്നാണ് റിപ്പോർട്ട്.
വോൾഗോഗ്രാഡിലെ ബസ് സ്ഫോടനത്തിന് പിന്നിലും ദാഗെസ്താനിലെ സ്ത്രീ ചാവേറായിരുന്നു. ഇവർ നിരീക്ഷണത്തിലായിരുന്നിട്ടും റഷ്യൻ സുരക്ഷാ സേനാവിഭാഗങ്ങൾക്ക് ആ ആക്രമണം തടയാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ ഇന്ന് റഷ്യയിൽ ഈ പേര് പുതിയൊരു അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. റഷ്യയിലെ സൈനികർ യുദ്ധത്തിനിടെ മരണപ്പെട്ടാൽ അടുത്ത ബന്ധുക്കൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം 5 മില്യൺ റൂബിളാണ്.
അതായത് ഏകദേശം 60 ലക്ഷം രൂപയാണ് (64,000 ഡോളർ) ഇതിനായി ലഭിക്കുന്നത്. ഈ പണം കൈക്കലാക്കാനാണ് പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നത്.
പുതുതായി സൈന്യത്തിൽ ചേരുന്ന ചെറുപ്പക്കാരെയും വിഭാര്യരെയും വലയിലാക്കി വിവാഹം കഴിക്കുകയും, ഇവർ യുദ്ധത്തിൽ മരണപ്പെടുമ്പോൾ നഷ്ടപരിഹാര തുക തട്ടിയെടുക്കുകയും ചെയ്യുക എന്നതാണ് രീതി. റഷ്യയിൽ ഇത്തരത്തിലുള്ള തട്ടിപ്പുകാരായ സ്ത്രീകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഉറ്റ ബന്ധുക്കളോ മക്കളോ സഹോദരങ്ങളോ ഈ വിവാഹത്തിന്റെ കാര്യം അറിയുന്നത് സൈനികരുടെ മരണശേഷമായിരിക്കും. ഇത് അനാഥമാകുന്ന കുട്ടികളുടെ ജീവിതം വലിയ പ്രതിസന്ധിയിലാക്കുന്നു.
കഴിഞ്ഞ വർഷം സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 5 സൈനികരെ അവിടത്തെ ഒരു നഴ്സ് വിവാഹം കഴിച്ചിരുന്നു. ഈ അഞ്ച് സൈനികരും മരണപ്പെട്ടപ്പോഴാണ് ഈ തട്ടിപ്പ് പുറത്തുവന്നത്.
യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ഘട്ടത്തിൽ, പുതുതായി സൈന്യത്തിൽ അംഗങ്ങളാകുന്നവരുടെ വിവാഹം ക്രെംലിൻ പ്രോത്സാഹിപ്പിച്ചിരുന്നു. ബന്ധുക്കളുടെ എതിർപ്പിനുള്ള പരിഹാരമായും സുരക്ഷിതമായ ഒരു വരുമാനമാർഗമായും ഒക്കെ ഇത് കണക്കാക്കപ്പെട്ടിരിക്കാം.
ജനസംഖ്യ കുറയുന്നതിനുള്ള ഒരു പരിഹാരമെന്ന നിലയിലും ഇത് വിലയിരുത്തപ്പെട്ടു. യാഥാസ്ഥിതിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസിഡന്റിന്റെ പ്രതിഛായ വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമായി.
ഔദ്യോഗിക ടെലിവിഷൻ ചാനലുകൾ ഇത്തരം സമൂഹ വിവാഹച്ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. എന്നാൽ ഈ ഔദ്യോഗിക പ്രോത്സാഹനങ്ങളെല്ലാം ഇന്ന് വലിയൊരു തട്ടിപ്പിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്.
ഒരു പോഡ്കാസ്റ്റിൽ ഇത് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. റിയൽ എസ്റ്റേറ്റ് ഏജന്റ് എന്നാണ് ഈ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അപ്പാർട്ട്മെന്റ് വാങ്ങാൻ പണമെവിടെ എന്ന് ചോദിച്ച ആതിഥേയയോട് അതിഥിയായ സ്ത്രീ മറുപടി നൽകിയത്, യുക്രെയ്ൻ യുദ്ധത്തിന് പോകുന്ന സൈനികനെ കണ്ടെത്തി വിവാഹം കഴിക്കണമെന്നും, അവർ മരിച്ചാൽ പണം ലഭിക്കുമെന്നുമാണ്. ഒരു സാധാരണ അപ്പാർട്ട്മെന്റ് വാങ്ങാൻ ഈ തുക ധാരാളമാണെന്നും അവർ പറഞ്ഞു.
ഈ സംഭവത്തിൽ രണ്ടുപേരെയും പ്രോസിക്യൂട്ട് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. സൈനികരോടും കുടുംബങ്ങളോടും മാപ്പ് പറയിപ്പിക്കുകയും ചെയ്തു.
എന്നിരുന്നാലും ഈ തട്ടിപ്പുകൾ പൂർണ്ണമായി അവസാനിച്ചിട്ടില്ല. കോടതികളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്.
മുന്നണിയിലേക്ക് പോയ മകൻ, ഓൺലൈൻ വഴി പരിചയപ്പെട്ട സ്ത്രീയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്ന് മരണശേഷമറിയുന്ന അമ്മമാർ ഇക്കൂട്ടത്തിലുണ്ട്.
എന്നാൽ ഇതിലും ഏറെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരവുമുണ്ട്. റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് പലപ്പോഴും ഇത്തരം വിവാഹങ്ങൾ നടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
സ്ത്രീകളുമായി ചേർന്ന് ഗൂഢാലോചന നടത്തി, വിവാഹം നടത്തിക്കൊടുത്ത ശേഷം, ഈ സൈനികരെ ഏറ്റവും അപകടം പിടിച്ച മുന്നണിയിലേക്ക് അയക്കും. ഇവർ യുദ്ധത്തിൽ മരണപ്പെടുമ്പോൾ ലഭിക്കുന്ന നഷ്ടപരിഹാര തുകയുടെ ഒരു വിഹിതം തങ്ങൾക്ക് നൽകണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ സമാനമായ രീതിയിൽ പ്രവർത്തിച്ച മൂന്ന് സൈനികോദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. അനാഥരെ കണ്ടെത്തി സൈന്യത്തിൽ ചേർക്കുക, വിവാഹം കഴിപ്പിക്കുക, യുദ്ധമുഖത്തേക്ക് അയക്കുക, പണം പങ്കിട്ടെടക്കുക എന്നിവയായിരുന്നു ഇവരുടെ രീതി.
നാല് വർഷത്തോളമായി തുടരുന്ന യുദ്ധം ജനങ്ങളെ ഏതുവിധത്തിലാണ് ബാധിച്ചിരിക്കുന്നത് എന്നതിന്റെ ഉദാഹരണമായാണ് പലരും ഇത് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി മികച്ച അവസ്ഥയിലല്ല.
യുദ്ധത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യങ്ങളാണ് ഇത്തരം തട്ടിപ്പുകൾ വർദ്ധിക്കുന്നതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

