കേരളത്തിൽ നിന്നുള്ള മറ്റൊരു പ്രമുഖ ധനകാര്യ സ്ഥാപനം കൂടി പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ) പാതയിൽ. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡാണ് ഐപിഒയ്ക്കായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) അപേക്ഷ സമർപ്പിച്ചത്.
വിപണിയിൽ നിന്ന് മൊത്തം 3000 കോടി രൂപയാണ് കമ്പനി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. പൂർണ്ണമായും ഫ്രഷ് ഇഷ്യൂ വഴി മാത്രമായിരിക്കും ഈ ഫണ്ട് സമാഹരണം നടപ്പിലാക്കുക.
സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധന അടിത്തറ കൂടുതൽ സുദൃഢമാക്കുന്നതിനും, നിലവിലെ ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുമായി വിനിയോഗിക്കും. ഇതിന്റെ ഭാഗമായി കൂടുതൽ ശാഖകൾ ആരംഭിക്കുന്നതിനും സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ഫിസിക്കൽ, ഡിജിറ്റൽ സംവിധാനങ്ങൾ വഴി ഉപഭോക്താക്കളുടെ അടിത്തറ വ്യാപിപ്പിക്കാനാണ് തീരുമാനം. വിവിധ മേഖലകളിൽ സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും സ്വർണ വായ്പ തന്നെയാണ് കമ്പനിയുടെ ബിസിനസ് വളർച്ചയുടെ പ്രധാന ശക്തി.
ടിയർ 2, ടിയർ 3 നഗര കേന്ദ്രങ്ങളിലേക്ക് പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതായി സെബിക്ക് നൽകിയ രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ആകെ ഓഹരികളുടെ 35 ശതമാനം റീട്ടെയ്ൽ നിക്ഷേപകർക്കായി മാറ്റിവച്ചിരിക്കുന്നു.
ഇതിനുപുറമെ, 50 ശതമാനം യോഗ്യരായ സ്ഥാപന നിക്ഷേപകർക്കും (ക്യുഐബി), 15 ശതമാനം അതിസമ്പന്ന നിക്ഷേപകർക്കും (എച്ച്എൻഐ) ലഭ്യമാക്കും. സ്ഥാപനത്തിലെ ജീവനക്കാർക്കും ഓഹരികൾ സ്വന്തമാക്കാനുള്ള അവസരമുണ്ട്.
ഇതിന്റെ ഭാഗമായി 600 കോടി രൂപയുടെ പ്രീ-ഐപിഒ പ്ലേസ്മെന്റിനും കമ്പനി തയാറെടുക്കുന്നുണ്ട്. കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 73,442.72 കോടി രൂപയുടെ ആസ്തികളാണ് മുത്തൂറ്റ് ഫിൻകോർപ് മാനേജ് ചെയ്യുന്നത്.
രാജ്യത്തുടനീളം 3800-ലധികം ശാഖകളാണ് സ്ഥാപനത്തിനുള്ളത്. 2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ കൺസോളിഡേറ്റഡ് അറ്റാദായം 1847.62 കോടി രൂപയായി ഉയർന്നു.
തൊട്ടുമുൻ വർഷം ഇത് 607.90 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം മുൻ വർഷത്തെ 8497.69 കോടി രൂപയിൽ നിന്ന് 2025-26 കാലയളവിൽ 11,203.81 കോടി രൂപയായി വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
സ്വർണ വായ്പകൾക്ക് പുറമെ ബിസിനസ് വായ്പകൾ, ഡിജിറ്റൽ വായ്പകൾ, വസ്തു ഈടായുള്ള വായ്പകൾ എന്നിവയിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. മൈക്രോ ഫിനാൻസ്, ഭവന വായ്പ, ഇൻഷുറൻസ്, ബ്രോക്കറേജ് തുടങ്ങിയ വിഭാഗങ്ങളിലേക്ക് കൂടി സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

