എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കറ്റുകളുടെ തിരുത്തലുകൾക്കും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനും അനാവശ്യ കാലതാമസം നേരിടുന്നുവെന്ന വ്യാപക പരാതികളെത്തുടർന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പരീക്ഷ ഭവനിൽ നേരിട്ടെത്തി മിന്നൽ പരിശോധന നടത്തി. സ്ഥലത്തെത്തിയ മന്ത്രി ഓഫീസിലെത്തിച്ചേർന്ന അപേക്ഷകരുടെ ദുരിതങ്ങളും പരാതികളും നേരിട്ടുകേട്ടറിഞ്ഞ ഉടൻ തന്നെ അടിയന്തര പരിഹാര നടപടികൾക്ക് ഉത്തരവിടുകയായിരുന്നു.
സർട്ടിഫിക്കറ്റ് തിരുത്തലുകൾക്കും ഡ്യൂപ്ലിക്കേറ്റ് പകർപ്പുകൾക്കുമായി അപേക്ഷകർ രണ്ട് മുതൽ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്ന യാഥാർത്ഥ്യം പരിശോധനയിൽ വ്യക്തമായി. നിലവിലുള്ള അപേക്ഷകളിലെ വിവരങ്ങൾ സ്കൂളുകൾ തോറും നേരിട്ട് പോയി തിരുത്തി തിരിച്ചു കൊണ്ടുവരുന്നതാണ് നടപടികൾ വൈകാൻ കാരണമെന്ന് പരീക്ഷ ഭവനിലെ ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു.
ഈ സാഹചര്യം ഉടൻ മാറ്റിയെടുക്കണമെന്നും കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങൾ വരുത്തണമെന്നും മന്ത്രി കർശന നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി പരീക്ഷാ ഭവനിൽ അടിയന്തരമായി 60 ലാപ്ടോപ്പുകൾ അനുവദിച്ചതായി മന്ത്രി പ്രഖ്യാപിച്ചു.
ഇനി മുതൽ അപേക്ഷകൾ ലഭിച്ച് പരമാവധി 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ അപേക്ഷകരുടെ കൈകളിൽ എത്തിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. പരീക്ഷാ ഭവനിലെ റിസപ്ഷൻ കൗണ്ടറിലെ ഫോണുകൾ അധികൃതർ എടുക്കുന്നില്ലെന്ന പരാതിയും പരിശോധനയിൽ മന്ത്രിക്ക് ബോധ്യപ്പെട്ടു.
ഇതിന് പരിഹാരമായി അപേക്ഷകർക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ റിസപ്ഷനിലും വിവിധ സൂപ്രണ്ടുമാർക്കും പ്രത്യേക മൊബൈൽ ഫോൺ സൗകര്യം ഏർപ്പെടുത്തണമെന്ന് ഉത്തരവിട്ടു. കൂടാതെ, അപേക്ഷകർ ദീർഘനേരം ക്യൂ നിൽക്കുന്നത് ഒഴിവാക്കുന്നതിനായി കൗണ്ടറുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്നും മന്ത്രി പരീക്ഷ ഭവൻ സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകി.
ഈ പ്രവർത്തനങ്ങളെല്ലാം ജോയിന്റ് കമ്മീഷണർ നേരിട്ട് നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യണമെന്നും, ഇത് സംബന്ധിച്ച് കർശനമായ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

