ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മുഖ്യ ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് എൻ. ചന്ദ്രശേഖരൻ രാജിവച്ച ഒഴിവിലേക്കുള്ള പുതിയ അമരക്കാരനായുള്ള തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമായി.
ടാറ്റാ സൺസ് ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ആർട്ടിക്കിൾ 118 അനുസരിച്ച് പ്രത്യേക സെലക്ഷൻ കമ്മിറ്റിയെ രൂപീകരിച്ചുവേണം പുതിയ ചെയർമാനെ കണ്ടെത്തേണ്ടത്. ആർട്ടിക്കിൾ 121 പ്രകാരം ഈ സമിതി നിർദേശിക്കുന്ന വ്യക്തിയെ ചെയർമാനായി നിയമിക്കാൻ ടാറ്റാ സൺസ് ബോർഡിന് അധികാരമുണ്ട്.
ആകെ 5 അംഗങ്ങളാണ് ഈ പാനലിൽ ഉൾപ്പെടേണ്ടത്. ഇതിൽ 3 പേരെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും ചേർന്ന് നാമനിർദ്ദേശം ചെയ്യും.
ഒരാളെ ടാറ്റ സൺസ് ബോർഡും മറ്റൊരാളെ ബോർഡ് നിർദേശിക്കുന്ന സ്വതന്ത്ര അംഗവുമാണ് നിശ്ചയിക്കുക. സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റും നിർദേശിക്കുന്ന 3 അംഗങ്ങളിൽ നിന്നായിരിക്കും പാനലിന്റെ ചെയർപേഴ്സണെ തിരഞ്ഞെടുക്കുക.
ഇതിനായുള്ള ആദ്യഘടനാപരമായ നടപടികളിലേക്ക് സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് ഇതിനോടകം പ്രവേശിച്ചിട്ടുണ്ട്. നോയൽ ടാറ്റയ്ക്ക് നിയമപരമായ തടസ്സങ്ങൾ
നിലവിലെ ചട്ടങ്ങൾ പ്രകാരം ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയ്ക്ക് ടാറ്റാ സൺസിന്റെ ചെയർമാൻ പദവിയിലേക്ക് എത്താൻ സാധിക്കില്ല.
അതിനാൽ തികച്ചും വ്യത്യസ്തനായ മറ്റൊരു വ്യക്തിയെ കണ്ടെത്തുക എന്ന ദൗത്യമാണ് ഇപ്പോൾ കമ്പനിയുടെ മുന്നിലുള്ളത്. മുമ്പ് രത്തൻ ടാറ്റ ട്രസ്റ്റ്സ് ചെയർമാനായിരിക്കെ തന്നെ ടാറ്റാ സൺസിന്റെയും തലപ്പത്തിരുന്നിരുന്നു.
എന്നാൽ 2022ൽ ടാറ്റാ സൺസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിപ്രകാരം ഈ രണ്ട് പദവികളും ഒരേസമയം ഒരാൾക്ക് വഹിക്കാൻ സാധിക്കില്ല. ഇതിനുമുമ്പ് സൈറസ് മിസ്ത്രിയും എൻ.
ചന്ദ്രശേഖരനും ടാറ്റാ സൺസ് ചെയർമാൻ പദവി മാത്രമാണ് അലങ്കരിച്ചിട്ടുള്ളത്. പ്രതീക്ഷിക്കപ്പെടുന്ന മുഖങ്ങൾ
ടാറ്റ സ്റ്റീലിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ടി.വി.നരേന്ദ്രൻ ആണ് ഈ പദവിയിലേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന പ്രമുഖൻ.
1980കൾ മുതൽ ടാറ്റാ ഗ്രൂപ്പിൽ സജീവ സാന്നിധ്യമായ മലയാളി കൂടിയാണ് ടി.വി.നരേന്ദ്രൻ. ടാറ്റാ സ്റ്റീലിന്റെയും ടാറ്റാ ഇന്റർനാഷനലിന്റെയും ഡയറക്ടറായ അദ്ദേഹം ടാറ്റാ സ്റ്റീൽ യൂറോപ്പ് ചെയർമാൻ പദവിയും വഹിക്കുന്നുണ്ട്.
2021, 2022 കാലഘട്ടങ്ങളിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ചെയർമാനായിരുന്നു. കൂടാതെ ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റുമാണ് അദ്ദേഹം.
എറണാകുളം ജില്ലയിലെ ചേന്ദമംഗലമാണ് നരേന്ദ്രന്റെ തറവാട്. സ്വതന്ത്ര കൊച്ചിയുടെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ടവാര്യരുടെ കൊച്ചുമകൻ കൂടിയാണ് അദ്ദേഹം.
ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രമുഖൻ ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്രയാണ്. 1995 മുതൽ ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാണ് ശൈലേഷ് ചന്ദ്ര.
പുതിയ ചെയർമാനെ കാത്തിരിക്കുന്ന നാല് പ്രധാന വെല്ലുവിളികൾ
1. എയർ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രവർത്തനപരമായ പ്രതിസന്ധികൾക്ക് പരിഹാരം കാണുക.
2.
പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ ഓഹരിവിലയിലുള്ള ചാഞ്ചാട്ടം നിയന്ത്രിക്കുക.
3. ആഡംബര കാർ ബ്രാൻഡായ ജെഎൽആറിന് സൈബർ ആക്രമണത്തെ തുടർന്ന് ഉൽപാദനം നിർത്തിവെക്കേണ്ടി വന്ന പ്രശ്നം പരിഹരിക്കുക.
4.
ടാറ്റാ സൺസിന്റെ ഐപിഒ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുക. റിസർവ് ബാങ്ക് ചട്ടപ്രകാരം ടാറ്റ സൺസ് ഐപിഒ നടത്തി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടതുണ്ട്.
എന്നാൽ നോയൽ ടാറ്റ ഇതിനെ ശക്തമായി എതിർക്കുന്നു. അതേസമയം, ചന്ദ്രശേഖരനും ടാറ്റാ സൺസിൽ ഏകദേശം 18 ശതമാനം ഓഹരി പങ്കാളിത്തമുള്ള എസ്പി ഗ്രൂപ്പും ഐപിഒയെ അനുകൂലിക്കുന്നവരാണ്.
നിലവിൽ ടാറ്റാ സൺസിൽ 66% ഓഹരി പങ്കാളിത്തമാണ് ടാറ്റാ ട്രസ്റ്റ്സിനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

