തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് കമ്പനിയുടെ ലാപ്ടോപ്പ് തിരികെ നൽകാനായി രണ്ടര വയസ്സുകാരനായ മകനുമൊത്ത് ഓഫീസിലെത്തിയ ബെംഗളൂരു സ്വദേശിയായ യുവാവിന്റെ ദുരനുഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കോർപ്പറേറ്റ് ലോകത്തിന്റെ യഥാർത്ഥ മുഖമാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നും, കമ്പനികളേക്കാൾ ഉപരി കുടുംബത്തിന് പ്രാധാന്യം നൽകണമെന്നുമാണ് ഇദ്ദേഹം റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.
തനിക്ക് ജോലി നഷ്ടപ്പെട്ടതായും അവസാന ദിവസത്തെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി കമ്പനിയുടെ ലാപ്ടോപ്പ് തിരികെ നൽകാനാണ് ഓഫീസിൽ എത്തിയതെന്നും യുവാവ് കുറിച്ചു. അന്നേദിവസം ഭാര്യ ജോലിയുടെ ഭാഗമായി പുറത്തുപോയതിനാലും വീട്ടിൽ കുട്ടിയെ നോക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതിരുന്നതിനാലുമാണ് രണ്ടര വയസ്സുകാരനായ മകനെയും കൂട്ടി ഓഫീസിലെത്തേണ്ടി വന്നത്.
എന്നാൽ ഓഫീസിലെത്തിയപ്പോൾ കുട്ടിയെ അകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ കർശനമായി നിലപാടെടുത്തു. ഇത് തന്റെ അവസാനത്തെ ദിവസമാണെന്നും ലാപ്ടോപ്പ് ഏൽപ്പിച്ച് ഉടൻ തന്നെ മടങ്ങുമെന്നും സെക്യൂരിറ്റി ജീവനക്കാരോട് വിശദീകരിച്ചെങ്കിലും പ്രവേശനം അനുവദിക്കാൻ അവർ തയ്യാറായില്ല.
ഒടുവിൽ സഹപ്രവർത്തകരിൽ ഒരാളെ ഫോണിൽ വിളിച്ച് വരുത്തി മകനെ നോക്കാൻ ഏൽപ്പിച്ച ശേഷമാണ് ലാപ്ടോപ്പ് നൽകാനായി യുവാവ് അകത്തേക്ക് പ്രവേശിച്ചത്. വെറും അഞ്ച് മിനിറ്റ് കൊണ്ട് തീർക്കേണ്ടിയിരുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 15 മിനിറ്റോളം സമയം വേണ്ടിവന്നു.
ഈ മുഴുവൻ സാഹചര്യവും തന്നെ മാനസികമായി വല്ലാതെ തളർത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ നിയമങ്ങൾ തെറ്റിച്ചുവെന്ന് താൻ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ലെന്നും സന്ദർശകരെയും കുട്ടികളെയും സംബന്ധിച്ച് വലിയ കോർപ്പറേറ്റ് ഓഫീസുകൾക്ക് കർശനമായ നിയമങ്ങളുണ്ടെന്ന് തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും ഈ സംഭവം ജോലിയുമായുള്ള തന്റെ സമീപനത്തെക്കുറിച്ച് ഗൗരവകരമായി പുനർചിന്ത നടത്താൻ തന്നെ പ്രേരിപ്പിച്ചതായി യുവാവ് പറഞ്ഞു. ‘ഒരു കമ്പനി വെറുമൊരു കമ്പനി മാത്രമാണ്.
നിങ്ങളെ സംബന്ധിച്ച് നിങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങൾക്ക് വലിയ വിലയുണ്ടാകാം, പക്ഷേ കമ്പനിക്ക് അത് പ്രധാനമാകണമെന്നില്ല’ എന്നും യുവാവ് തന്റെ കുറിപ്പിൽ കുറിച്ചു. വർഷങ്ങളോളം രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്തും സ്ഥാപനത്തെ സ്വന്തം കുടുംബം പോലെ കരുതിയും ജീവനക്കാർ ജോലി ചെയ്തേക്കാം.
എന്നാലത് എക്കാലത്തും ഒരു ബിസിനസ്സ് കരാർ മാത്രമായിരിക്കുമെന്നാണ് യുവാവിന്റെ അനുഭവം വ്യക്തമാക്കുന്നത്. ‘പഠിച്ച പാഠം ഇതാണ്: ജോലി പ്രധാനമാണ്, എന്നാൽ നിങ്ങളുടെ കുടുംബവും ജോലിക്കപ്പുറമുള്ള ജീവിതവുമാണ് അതിനേക്കാൾ പ്രധാനം’ എന്നും യുവാവ് ഓർമ്മിപ്പിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട ഈ കുറിപ്പിന് താഴെ നിരവധി പേരാണ് അനുകൂലമായ കമന്റുകളുമായി എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

