കേരളത്തിലെ പബ്ലിക് സർവീസ് കമ്മിഷന്റെ പ്രവർത്തനരീതികളെയും ഔദ്യോഗിക കണക്കുകളെയും ചൊല്ലി പുതിയ വിവാദം ഉടലെടുക്കുന്നു. പിഎസ്സിക്കെതിരെ വിമർശനങ്ങൾ ഉയർന്നുവരുമ്പോൾ പ്രതിരോധം തീർക്കാനായി പുറത്തുവിടുന്ന കണക്കുകൾ ഊതിപ്പെരുപ്പിച്ചതാണെന്നാണ് പ്രധാന ആക്ഷേപം.
നിയമന ശുപാർശയും യഥാർത്ഥ നിയമനവും രണ്ടാണെന്നിരിക്കെ, ശുപാർശ ലഭിച്ചവരുടെ മാത്രം കണക്കുകൾ നിരത്തി പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുന്നുവെന്നാണ് ഉയരുന്ന പ്രധാന വിമർശനം. കഴിഞ്ഞ 10 വർഷത്തിനിടെ യഥാർത്ഥത്തിൽ എത്ര ഉദ്യോഗാർഥികൾക്ക് ജോലി ലഭിച്ചു എന്നതിന്റെ കൃത്യമായ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നാണ് ശക്തമായ ആവശ്യം ഉയരുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 3.16 ലക്ഷം ഉദ്യോഗാർഥികൾക്ക് നിയമന ശുപാർശ നൽകിയെന്നാണ് പിഎസ്സിയുടെ ഔദ്യോഗിക കണക്ക്. എന്നാൽ ഒരേ ഉദ്യോഗാർഥി തന്നെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഇടംനേടുകയും, ഇവർക്ക് അയച്ച വ്യത്യസ്ത ശുപാർശകളുടെ എണ്ണം മൊത്തം കണക്കിൽ ഉൾപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഈ വലിയ സംഖ്യ ലഭിക്കുന്നത്.
ഏതൊരു വ്യക്തിക്കും ഒരേസമയം ഒരു ജോലി മാത്രമേ സ്വീകരിക്കാൻ സാധിക്കൂ എന്നിരിക്കെ, ഇതിൽ എത്രപേർ യഥാർത്ഥത്തിൽ സർവീസിൽ പ്രവേശിച്ചു എന്നതിന്റെ വ്യക്തമായ ചിത്രം ഇനിയും പുറത്തുവന്നിട്ടില്ല. എൽഡി ക്ലാർക്ക്, സിവിൽ പൊലീസ് ഓഫിസർ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടങ്ങിയ നിർണായക തസ്തികകളിലേക്കുള്ള പരീക്ഷകളിൽ ഒരേ ഉദ്യോഗാർഥി തന്നെ ഒന്നിലധികം റാങ്ക് ലിസ്റ്റുകളിൽ ഇടംപിടിക്കുന്നത് പതിവാണ്.
ഇത്തരം സന്ദർഭങ്ങളിൽ ഒരേ വ്യക്തിക്ക് തന്നെ പിഎസ്സി നാല് വ്യത്യസ്ത നിയമന ശുപാർശകൾ അയക്കാറുണ്ട്. എന്നാൽ ഉദ്യോഗാർഥി തനിക്ക് ലഭിച്ചവയിൽ ഏറ്റവും ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന ഒരു തസ്തികമാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ.
ഈ സാഹചര്യത്തിൽ കണക്കിലെ വൈരുദ്ധ്യം വ്യക്തമാക്കിയാൽ, ഉദ്യോഗാർഥിക്ക് ലഭിച്ച നിയമന ശുപാർശകൾ നാലാണെങ്കിലും യഥാർത്ഥ നിയമനം ഒന്നായി ചുരുങ്ങും. കണക്കുകളിലെ ഈ വലിയ പൊരുത്തക്കേടുകൾ പരിഹരിച്ച് യഥാർത്ഥ കണക്കുകൾ പുറത്തുവിടണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

