ഓണക്കാലത്ത് ജനങ്ങൾക്ക് മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനായി സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയർ ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും.
പൊതു ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ ചടങ്ങിൽ അധ്യക്ഷനായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ചടങ്ങിൽ ആദ്യ വില്പന നിർവഹിക്കും.
ഡോ. ശശി തരൂർ എംപി, മേയർ വി വി രാജേഷ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.
എംഎൽഎമാരായ എൻ ശക്തൻ, വി ജോയ്, നഗരസഭ കൗൺസിലർ എസ് കെ പി രമേശ്, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ഷർമിള മേരി ജോസഫ്, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ ഹിമ, സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം, ജനറൽ മാനേജർ എം യു ബിജു, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിക്കും. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് മെഗാ ട്രേഡ് ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്.
ജർമ്മൻ ഹാങ്കർ സ്ട്രക്ചറിൽ, പൂർണ്ണമായും എയർകണ്ടീഷൻഡ് ചെയ്ത സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 4,000 സ്ക്വയർ ഫീറ്റിലുള്ള സപ്ലൈകോ സ്റ്റാളിനു പുറമേ, മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്വെയറുകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉത്പ്പന്നങ്ങളുടെ സ്റ്റാളുകളും മേളയിലുണ്ട്.
പ്രവർത്തന സമയം
മെഗാ ട്രേഡ് ഫെയറുകൾ ഓഗസ്റ്റ് 25 വരെ രാവിലെ 10 മുതൽ വൈകിട്ട് 9 വരെ പ്രവർത്തിക്കും. മറ്റു 11 ജില്ലകളിൽ പ്രധാന സ്ഥലങ്ങളിൽ സപ്ലൈകോയുടെ ജില്ലാ ഫെയറുകൾ സംഘടിപ്പിക്കും.
ജില്ലാ ഫെയറുകൾ ഓഗസ്റ്റ് 14ന് തുടങ്ങി 25ന് അവസാനിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ലൈകോ ഫെയറുകൾ ഓഗസ്റ്റ് 21 മുതൽ 25 വരെ നടക്കും.
പ്രത്യേക ഓണക്കിറ്റുകളും ഗിഫ്റ്റ് കാർഡുകളും
ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ഭക്ഷ്യ വസ്തുക്കളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി പ്രത്യേക സമ്മാന കിറ്റുകളും സപ്ലൈകോ വിപണിയിലെത്തിച്ചിട്ടുണ്ട്. അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും.
പരമാവധി വില്പന വില 1,280 രൂപയുള്ള ഈ കിറ്റ് 280 രൂപ വിലക്കുറവിലാണ് ഉപഭോക്താവിന് ലഭിക്കുക. 25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് പരമാവധി വില്പന വിലയിൽ നിന്നും 380 രൂപ കുറച്ച് 1500 രൂപയ്ക്കും, മുപ്പതിനങ്ങളടങ്ങിയ പ്രീമിയം ഓണാഘോഷ കിറ്റായ തിരുവോണം കിറ്റ്, 540 രൂപ വിലക്കുറവിൽ 2000 രൂപയ്ക്കും സപ്ലൈകോ നൽകുന്നു.
ഇതിനുപുറമേ പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞപ്പൊടി തുടങ്ങി 9 പ്രീമിയം ശബരി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ശബരി സിഗ്നേച്ചർ കിറ്റ് 75 രൂപയിലധികം വിലക്കുറവിൽ 299 രൂപയ്ക്കാണ് സപ്ലൈകോ വില്പനശാലകളിൽ നിന്ന് ഉപഭോക്താവിന് ലഭിക്കുന്നത്. ഉപഭോക്താക്കൾക്കായി 500, 1000 രൂപ മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകളും ലഭ്യമാക്കിയിട്ടുണ്ട്.
ബോണസ് കൂപ്പണുകളും സമ്മാനപദ്ധതിയും
1500 രൂപയുടെ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഓണക്കാലത്ത് 100 രൂപയുടെ മൂല്യമുള്ള ഒരു കൂപ്പൺ സപ്ലൈകോ സമ്മാനമായി നൽകും. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ ആയിരമോ അതിൽ കൂടുതലോ വിലയ്ക്ക് സപ്ലൈകോ നിന്നും സബ്സിഡിയിതര സാധനം വാങ്ങുമ്പോൾ ഈ കൂപ്പൺ റിഡീം ചെയ്യാം.
കൂടാതെ 1000 രൂപയുടെ ഓരോ പർച്ചേസിനും ഉപഭോക്താവിന് ഒരു സമ്മാനകൂപ്പൺ നൽകും. ഓണത്തിന് ശേഷം നറുക്കെടുപ്പിലൂടെ വിജയികൾക്ക് മെഗാ സമ്മാനങ്ങൾ നൽകും.
മോട്ടോർ സൈക്കിൾ, അര പവൻ സ്വർണ നാണയം, വാഷിങ് മെഷീനുകൾ, സ്മാർട്ട് ഫോണുകൾ എന്നിവയാണ് വിവിധ ഘട്ടങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത്. എഴുപതോളം വിവിധ ബ്രാൻഡഡ് എഫ് എം സി ജി കമ്പനികളുടെ 350ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും വിലക്കുറവും ഓണക്കാലത്ത് സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

