കൊല്ലം നഗരമധ്യത്തിൽ കെഎസ്ആർടിസി ഓർഡിനറി ബസിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മേവറം സെയ്ദലി മൻസിലിൽ എസ്.ഷംനാദിന്റെ മകൻ എസ്.സെയ്ദലി (22) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 3.20ന് ചിന്നക്കട ഹെഡ്പോസ്റ്റ് ഒാഫിസിനും ബസ് കാത്തിരിപ്പു കേന്ദ്രത്തിനും ഇടയിലായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം.
ചിന്നക്കടയിലെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായ സെയ്ദലി സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബൈക്കുമായി ബസിനടിയിൽ കുടുങ്ങിപ്പോയ യുവാവിനെയും വലിച്ചിഴച്ച് ബസ് പത്തടിയോളം മുന്നോട്ടു നീങ്ങി.
സംഭവസ്ഥലത്തുണ്ടായിരുന്നവർ ഉറക്കെ ബഹളം വെച്ചതിനെ തുടർന്നാണ് ഡ്രൈവർ വാഹനം നിർത്താൻ തയാറായത്. എന്നാൽ അപകടം വരുത്തിയ ബസിന്റെ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
ബസിനടിയിൽ ഗുരുതരമായി പരുക്കേറ്റു കിടന്ന സെയ്ദലിയെ ഓടിക്കൂടിയ നാട്ടുകാരും തെരുവു കച്ചവടക്കാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. വയറിനും കാലുകൾക്കും ഗുരുതരമായി പരുക്കേറ്റ ഇയാളെ ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും, നില അതീവ ഗുരുതരമായതിനെ തുടർന്ന് മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്.
സംഭവത്തിന് പിന്നാലെ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ബസ് ഡ്രൈവർ ഷാജഹാനെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരേതനായ സെയ്ദലിയുടെ അമ്മ ബീവി ജാൻ ആണ്. സഹോദരൻ: അക്ബർഷാ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

