മുംബൈയിലെ താനെ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ വീഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നു. 17 വയസ്സുള്ള പെൺകുട്ടിയെ കുടുംബത്തിന്റെ അനുമതിയില്ലാതെ ഗർഭ പരിശോധനയ്ക്ക് വിധേയമാക്കുകയും, തുടർന്ന് പെൺകുട്ടി ഗർഭിണിയാണെന്ന് തെറ്റായ ഫലം നൽകുകയുമാണ് ഉണ്ടായത്.
എന്നാൽ പിന്നീട് മറ്റൊരു ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയല്ലെന്ന് വ്യക്തമായി പുറത്തുവന്നു. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയാണ് പെൺകുട്ടി കല്യാൺ-ഡോംബിവ്ലി ഏരിയയിലെ ശാസ്ത്രി നഗർ സർക്കാർ ആശുപത്രിയിൽ എത്തിയത്.
എന്നാൽ ഇവിടെയെത്തിയ പെൺകുട്ടിയെ ഡോക്ടർമാർ മൂന്ന് തവണ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ഗർഭിണിയാണെന്ന് ആശുപത്രി അധികൃതർ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
ഈ വിവരമറിഞ്ഞ് പരിഭ്രാന്തരായ കുടുംബം കൂടുതൽ പരിശോധനകൾക്കായി പെൺകുട്ടിയെ ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയല്ലെന്ന യഥാർത്ഥ വിവരം തെളിഞ്ഞത്.
ഈ സംഭവത്തോടെ സർക്കാർ ആശുപത്രിയിലെ പരിശോധനാ രീതികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും വലിയ തോതിലുള്ള പരാതികൾ ഉയരുകയും ചെയ്തു. ആർത്തവ സംബന്ധമായ അസുഖത്തിന് ആവശ്യമായ ചികിത്സകൾ നൽകിയ ശേഷം പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ നിന്നും പിന്നീട് ഡിസ്ചാർജ് ചെയ്യുകയുണ്ടായി.
ഈ ഗുരുതര വീഴ്ച വരുത്തിയ കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുനിസിപ്പൽ കമ്മിഷണർ ഔദ്യോഗികമായി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

