സംസ്ഥാനത്ത് ഒട്ടാകെ ഓണച്ചന്തകൾ സജീവമാകുമ്പോഴും, ഒരു കാലത്ത് മലയോര ഗ്രാമങ്ങളുടെ പ്രധാന വാണിജ്യ ഹബ്ബായിരുന്ന വിതുര ചന്തയുടെ ദുരവസ്ഥ തുടരുന്നു. വിൽപനയും വാങ്ങലുമായി ജനത്തിരക്കേറിയിരുന്ന ഈ വിപണന കേന്ദ്രം പ്രവർത്തനരഹിതമായിട്ട് വർഷങ്ങളേറെയായി.
കാർഷിക വിളകളും മലഞ്ചരക്കുകളും വിറ്റഴിക്കാനും ആവശ്യവസ്തുക്കൾ വാങ്ങാനും നൂറുകണക്കിന് ആളുകൾ എത്തിയിരുന്ന ഈ പ്രദേശം ഇന്ന് പൂർണ്ണമായും വിജനമാണ്. പച്ചക്കറിയും മത്സ്യവുമെല്ലാം വഴിയോര കച്ചവടക്കാർ കയ്യേറിയതോടെയാണ് ചന്തയിലേക്കുള്ള ജനങ്ങളുടെ വരവ് നിലച്ചത്.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് വിപണിയുടെ ഈ തകർച്ചയ്ക്ക് കാരണം. തിരക്കേറിയ ചന്തമുക്കിൽ റോഡരികിലും വാഹനങ്ങളിലും നടക്കുന്ന മീൻ കച്ചവടം പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിനും ദുർഗന്ധത്തിനും വഴിവെച്ചതോടെ, ചന്ത നവീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു.
ഇതിനെത്തുടർന്ന് പഞ്ചായത്ത് അധികാരികളും വ്യാപാരികളും ഇടപെടൽ നടത്തി. പോലീസിന്റെ സഹായത്തോടെ വഴിയോരക്കച്ചവടം ചന്തയ്ക്കുള്ളിലേക്ക് മാറ്റിയെങ്കിലും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ കച്ചവടക്കാർ വീണ്ടും വഴിയോരത്തേക്ക് തന്നെ മടങ്ങുകയായിരുന്നു.
തുടർന്ന് കച്ചവടം നടത്താൻ അനുകൂല സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യ വ്യാപാരികൾ കേരള ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി. കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതിനെ തുടർന്ന് നിലവിലും വിൽപന വഴിയോരങ്ങളിൽ തന്നെ തുടരുകയാണ്.
ആളൊഴിഞ്ഞുകിടക്കുന്ന ചന്തക്കെട്ടിടങ്ങളുടെ പരിസരങ്ങൾ ഇപ്പോൾ കാടുമൂടിയ നിലയിലാണ്. ഇവിടെ സാമൂഹ്യവിരുദ്ധർ അറവുമാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ തള്ളുന്നത് പതിവായിട്ടുണ്ട്.
തകർന്നു കിടക്കുന്ന ചന്തയുടെ കവാടം ഇത്തരം സാമൂഹ്യവിരുദ്ധർക്ക് സഹായകരമായി മാറുന്നുണ്ട്. കൂടാതെ, പ്രദേശത്ത് തെരുവ് നായ ശല്യവും രൂക്ഷമാണ്.
ചന്തയോട് ചേർന്നു പ്രവർത്തിക്കുന്ന കൃഷിഭവന്റെ പരിസരത്തും മുന്നിലെ റോഡിലും നായകളുടെ ശല്യം ജനങ്ങളെയും ഓഫീസിലെത്തുന്നവരെയും ഒരുപോലെ വലയ്ക്കുന്നുണ്ട്. നിർമ്മാണങ്ങൾ നടക്കുന്നുവെങ്കിലും ഫലമില്ല ചന്ത നോക്കുകുത്തിയായി തുടരുമ്പോഴും ഇവിടെ നിർമാണ പ്രവർത്തനങ്ങൾക്ക് യാതൊരു കുറവുമില്ല.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ഇവിടെ ആധുനിക മത്സ്യ വിപണി നിർമിച്ചത്. 2015-ൽ നിർമ്മാണ പ്രവർത്തനങ്ങളും 2018-ൽ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിപുലമായി നടന്നിരുന്നു.
ഒരു വർഷം മുമ്പ് രണ്ട് കടമുറികൾ കൂടി പണിതെങ്കിലും ഇവിടെ ഇതുവരെയും കച്ചവടം ആരംഭിച്ചിട്ടില്ല. നിലവിൽ ഒരു താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന അറവുശാല മാത്രമാണ് ഇവിടെയുള്ള ഏക വ്യാപാര കേന്ദ്രം.
“പൂട്ടിക്കിടക്കുന്ന ചന്ത തുറന്ന് മത്സ്യ വിഭവങ്ങളുടെ മൊത്ത വ്യാപാര കേന്ദ്രം ആക്കണം. നാടൻ മത്സ്യങ്ങളുടെയും വിപണന സ്റ്റാളുകൾ സജ്ജമാക്കണം” എന്ന് നാട്ടുകാരനായ ഗോപൻ അഭിപ്രായപ്പെട്ടു.
“സാധാരണക്കാരുടെ ആശ്രയമായ ചന്ത സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. നിർമാണം നടന്നതു കൊണ്ടു മാത്രം കാര്യമില്ല.
അത് നാടിന് ഉപയോഗപ്പെടണം” എന്ന് ജി. ബാലചന്ദ്രൻ വ്യക്തമാക്കി.
“പഴയ ചന്ത സംസ്കാരം ഗുണമേന്മയുള്ള നാടൻ വിഭവങ്ങൾ ഉറപ്പാക്കിയിരുന്നു. ഇന്ന് അങ്ങനെയല്ല.
ചന്ത തുറക്കുന്നത് കർഷകർക്കും ഗുണമുണ്ടാക്കും” എന്ന് എൻ.പി.രാജീവ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

