ഇരിട്ടി ∙ ആറളം ഫാം പുനരധിവാസ മേഖലയിലും സമീപഗ്രാമങ്ങളിലും കനത്ത ഭീഷണിയായി തുടരുന്ന മോഴയാനയെ മയക്കുവെടിവച്ചു പിടികൂടുന്ന നടപടികൾ നീളുന്നു. വനംവകുപ്പ് ഓപ്പറേഷൻ കണ്ണൂർ മഖ്ന (കെഎം1) എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യം ഓണത്തിനുശേഷം നടക്കാനാണ് നിലവിലെ സാധ്യത.
ആനയെ കണ്ടെത്താൻ സാധിക്കാത്തതും പ്രദേശത്തെ പ്രതികൂല കാലാവസ്ഥയുമാണ് ദൗത്യം വൈകുന്നതിന് പ്രധാന കാരണം. കൂടാതെ, മയക്കുവെടിവച്ചു പിടികൂടിയ ശേഷം ആനക്കൊട്ടിലിലാക്കി ദിവസങ്ങളോളം കർശന നിരീക്ഷണം നടത്തണമെന്ന വിദഗ്ധ നിർദേശവും നടപടികൾക്ക് വേഗത കുറയ്ക്കുന്നുണ്ട്.
ആനയെ മയക്കുവെടിവച്ചു പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വനമേഖലയിലേക്കു മാറ്റാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ട് 3 ആഴ്ച പിന്നിടുന്നു. ഇതിന്റെ ഭാഗമായി ആനയെ നിരീക്ഷിക്കാൻ പ്രത്യേകസംഘം ആറളത്ത് എത്തിയതിനു പിന്നാലെ മോഴയാന ഉൾവനത്തിലേക്ക് ഉൾവലിഞ്ഞിരുന്നു.
എന്നാൽ, ഏതാനും ദിവസം മുൻപ് ആന വീണ്ടും ആറളം ഫാമിൽ തിരിച്ചെത്തിയതായി വ്യക്തമായതോടെ മയക്കുവെടിവയ്ക്കാനുള്ള നടപടികൾ വനംവകുപ്പ് പുനരാരംഭിച്ചു. എങ്കിലും ചില സാങ്കേതിക നടപടികൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്.
പിടികൂടുന്ന ആനയെ പാർപ്പിക്കുന്നതിനായി ആനക്കൊട്ടിൽ നിർമിക്കുന്നതിന് ഒരേ വണ്ണത്തിലും നീളത്തിലുമുള്ള യൂക്കാലിപ്റ്റസ് മരങ്ങൾ മുറിക്കുന്നതിനുള്ള നടപടികൾ കഴിഞ്ഞദിവസം പൂർത്തിയായിട്ടുണ്ട്. നിലവിൽ ആറളം ഫാമിനും ആറളം പുനരധിവാസ മേഖലയ്ക്കും ഇടയിലുള്ള പഴയ ഹെലിപാഡ് ഭാഗത്തെ പൊന്തക്കാട്ടിലാണ് മോഴയാന ഉള്ളതെന്നാണ് അധികൃതർക്ക് ലഭിക്കുന്ന സൂചന.
ജനജീവിതത്തിന് വലിയ ഭീഷണിയായതിനാൽ അതീവ ജാഗ്രതയോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

