കോട്ടയം ഏറ്റുമാനൂരിൽ 33 അതിഥിത്തൊഴിലാളികളെ അർധരാത്രിയിൽ വടിവാൾമുനയിൽ ബന്ദികളാക്കി മുഖംമൂടി സംഘം മൊബൈൽ ഫോണുകളും പണവും എടിഎം കാർഡുകളും കവർച്ച നടത്തിയ സംഭവത്തിൽ നാല് പേരെ പൊലീസ് പിടികൂടി. ബംഗാൾ സ്വദേശിയായ ബക്ചന്ദ് മണ്ഡൽ (25), കോട്ടയം സ്വദേശി മിഥിൽരാജ് (19) എന്നിവർക്കൊപ്പം പ്രായപൂർത്തിയാകാത്ത രണ്ട് മലയാളികളുമാണ് പിടിയിലായത്.
അക്രമിസംഘത്തിലെ ഒരാൾ കവർച്ചയ്ക്കിടെ ‘ഭായി’ എന്നു വിളിച്ചതായി തൊഴിലാളികൾ പറഞ്ഞിരുന്നു. ഇതോടെയാണു ‘ഭായി’ എന്നറിയപ്പെടുന്ന ബക്ചന്ദിലേക്കു പൊലീസെത്തിയത്.
പേരൂർ പൂവത്തുംമൂട് അരയിരംപടിക്ക് സമീപത്തെ ക്യാംപിൽ ശനിയാഴ്ച അർധരാത്രിയിലായിരുന്നു കവർച്ച. ക്യാംപിൽ ശനിയാഴ്ചകളിൽ നടക്കുന്ന പണംവച്ചുള്ള ചീട്ടുകളിയിൽ ബക്ചന്ദിനു പലപ്പോഴായി 30,000 രൂപ നഷ്ടമായിരുന്നു.
ഇതു വീണ്ടെടുക്കാനായി കവർച്ച നടത്തിയെന്നാണു പൊലീസ് പറയുന്നത്. കോട്ടയത്തെ ഒരു ബാർ ഹോട്ടലിൽ ഇരുന്നാണു സംഘം പദ്ധതി തയാറാക്കിയതെന്നും പൊലീസ് പറയുന്നു.
തുടർന്നു കൂടുതൽപേരെ വിളിച്ചുവരുത്തി കവർച്ച നടത്തുകയായിരുന്നു. കവർച്ചയ്ക്കുശേഷം പല വഴികളിലൂടെയാണു സംഘം കടന്നുകളഞ്ഞത്.
എന്നാൽ, അതിലൊരു സംഘം പുതുപ്പള്ളി കൈതേപ്പാലത്തെ ഒരു എടിഎം കൗണ്ടറിൽനിന്ന്, മോഷ്ടിച്ച കാർഡ് ഉപയോഗിച്ച് 7,000 രൂപ പിൻവലിച്ചു. ഇവിടെയുള്ള ക്യാമറയിൽ സംഘമെത്തിയ ബൈക്കിന്റെ നമ്പർപ്ലേറ്റ് പതിഞ്ഞതാണു കേസിൽ നിർണായകമായത്.
ബക്ചന്ദിനെ തിരുവല്ലയിൽനിന്നാണു പിടികൂടിയത്. മറ്റുള്ളവരെ കോട്ടയം, പുതുപ്പള്ളി എന്നിവിടങ്ങളിൽ നിന്നുമാണ് പിടികൂടിയത്.
ബംഗാൾ സ്വദേശിയാണെങ്കിലും ബക്ചന്ദിന്റെ സുഹൃദ്വലയത്തിൽ നിറയെ മലയാളികളാണെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണിൽ ഒട്ടേറെ മലയാളികളുടെ നമ്പറുകളുണ്ടെന്നു പൊലീസ് കണ്ടെത്തി.
ഫോൺ ഗാലറിയിലെ ചിത്രങ്ങളിൽ അധികവും മലയാളികളുടേതാണെന്നും പൊലീസ് പറയുന്നു. കോട്ടയത്തെ ഒരു ബാറിൽ 3 സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടയിലാണു കവർച്ച ആസൂത്രണം ചെയ്തത്.
ശനിയാഴ്ചത്തെ ചീട്ടുകളിയിൽ പതിനായിരങ്ങൾ മറിയുന്നുണ്ടെന്നും പണിക്കാശ് കിട്ടുന്ന ദിവസമായതിനാൽ കൂടുതൽ പണം ക്യാംപിൽ ഉണ്ടാകുമെന്നും ഇയാൾ സുഹൃത്തുക്കളെ ധരിപ്പിച്ചു. തുടർന്നു പദ്ധതിക്കു രൂപരേഖ തയാറാക്കി കൂട്ടാളികളെ വിളിച്ചുവരുത്തി.
ഒരു ഓട്ടോറിക്ഷയിലും 3 ബൈക്കുകളിലുമായി ‘ഓപ്പറേഷനു’ പുറപ്പെട്ടെന്നും പൊലീസ് പറയുന്നു. ക്യാംപിൽ ശനിയാഴ്ചതോറും പണം വച്ചുള്ള ചീട്ടുകളി നടക്കുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതിഥിത്തൊഴിലാളികൾ മാത്രമാണു കളിക്കാനുള്ളത്. പണിക്കൂലി കിട്ടുന്നതിനാലാണു ശനിയാഴ്ച കളി നടത്തുന്നതെന്നാണു പൊലീസ് പറയുന്നത്.
കവർന്നെടുത്ത എടിഎം കാർഡ് ഉപയോഗിച്ചു പണം പിൻവലിക്കാൻ പുതുപ്പള്ളി കൈതേപ്പാലത്തിനു സമീപത്തെ ഹിറ്റാച്ചി എടിഎമ്മിൽ സംഘാംഗങ്ങൾ കയറിയതു ഹെൽമറ്റ് ധരിച്ചാണ്. പക്ഷേ, സംഘമെത്തിയ ബൈക്കിന്റെ നമ്പർ സിസിടിവിയിൽ പതിഞ്ഞു.
പരിശോധനയിൽ ബൈക്ക് കോട്ടയം സ്വദേശിയുടെതാണെന്നു കണ്ടെത്തി. ഇയാൾ 2 വർഷം മുൻപു വാഹനം വിറ്റതാണെന്നും പക്ഷേ, ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.
തുടർന്നുള്ള പരിശോധനയിൽ യഥാർഥ പ്രതികളിലേക്കു പൊലീസ് എത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

