കണ്ണൂരിൽ പാർട്ടി നിയന്ത്രണത്തിലുള്ള രണ്ട് വ്യത്യസ്ത സംഘടനകൾ കർക്കടകവാവ് ദിനത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രകടമായ വൈരുദ്ധ്യവും ആശയക്കുഴപ്പവും. പയ്യാമ്പലത്ത് വിശ്വാസികൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കുമ്പോൾ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പയ്യാമ്പലത്തെ പരിപാടി വിശ്വാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാന ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാകുമ്പോഴും, കർക്കടകവാവ് ദിനത്തിൽ തന്നെ ഇത്തരമൊരു പന്നിയിറച്ചി ചാലഞ്ച് നടത്തുന്നതിന്റെ ലക്ഷ്യത്തെക്കുറിച്ച് കടുത്ത അവ്യക്തതയാണ് നിലനിൽക്കുന്നത്. പിതൃതർപ്പണത്തിനായി പയ്യാമ്പലത്ത് എത്തുന്ന വിശ്വാസികൾക്ക് സഹായമേകാനായി സിപിഎമ്മിന്റെ സാന്ത്വനപരിചരണ വിഭാഗമായ ഐആർപിസി ആണ് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്.
ലഘുഭക്ഷണം, ആംബുലൻസ് സേവനം, അടിയന്തര വൈദ്യസഹായം എന്നിവ ഇവിടെ ലഭ്യമാക്കുന്നുണ്ട്. പാർട്ടി വിശ്വാസൂചകങ്ങൾക്ക് എതിരല്ലെന്ന സുപ്രധാന നിലപാട് മുൻനിർത്തിയാണ് ഏതാനും വർഷങ്ങളായി ഐആർപിസി ഈ മേഖലയിൽ സജീവമായി ഇടപെട്ടു വരുന്നത്.
എന്നാൽ, ഇതിനു വിരുദ്ധമായി പന്നിയിറച്ചി ചാലഞ്ച് സംഘടിപ്പിക്കുന്നത് സിപിഎം നിയന്ത്രണത്തിലുള്ള പടിയൂർ കരവൂർ എകെജി വായനശാല ആൻഡ് ഗ്രന്ഥാലയമാണ്. ഒരു കിലോ പന്നിയിറച്ചി 370 രൂപ നിരക്കിലാണ് ഇവിടെ നൽകുന്നത്.
ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് പ്രഖ്യാപനമെങ്കിലും കർക്കടകവാവ് ദിനത്തിലാണ് ഈ ചാലഞ്ച് അരങ്ങേറുന്നത് എന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. മുൻകാലങ്ങളിൽ നടത്തിയിരുന്ന പൂക്കള മത്സരത്തിന് പകരമായാണ് ഇത്തവണ പന്നിയിറച്ചി ചാലഞ്ച് ഉൾപ്പെടുത്തിയിരിക്കുന്നത്.
കർക്കടകവാവും പന്നിയിറച്ചിയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ലെന്നിരിക്കെ, വിശ്വാസികൾ തങ്ങളുടെ പിതൃസ്മരണ പുതുക്കുന്ന പവിത്രമായ ദിനത്തിൽ ഇത്തരം ഒരു പരിപാടിയുമായി സംഘാടകർ മുന്നോട്ട് വന്നത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വിശ്വാസി സമൂഹത്തെ ഏത് രീതിയിൽ സമീപിക്കണം എന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിലുള്ള ആശയക്കുഴപ്പമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നത്.
മുൻപ് പി. ജയരാജൻ സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതല വഹിച്ചിരുന്ന കാലഘട്ടത്തിൽ, പാർട്ടി വിശ്വാസികൾക്ക് എതിരല്ലെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുത്താൻ ശ്രീകൃഷ്ണജയന്തി ദിനത്തിൽ പ്രത്യേക ഘോഷയാത്രകൾ സംഘടിപ്പിച്ചിരുന്നെങ്കിലും പിന്നീട് ആ നിലപാടിൽ നിന്നും പാർട്ടി പിന്നോട്ടുപോയിരുന്നു.
വയനാട് പുനരധിവാസ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ മുൻപ് സംഘടിപ്പിച്ച പന്നിയിറച്ചി ചാലഞ്ചും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

