കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുകയും വൈകുകയും ചെയ്തതിനെത്തുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത്. കണ്ണൂർ – ദുബായ് വിമാനമാണ് യാതൊരു മുൻറിയിപ്പുമില്ലാതെ റദ്ദാക്കിയത്.
തിങ്കൾ രാവിലെ കണ്ണൂരിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 747 നമ്പർ വിമാനമാണ് റദ്ദാക്കപ്പെട്ടത്. പുലർച്ചെ 5 മണി മുതൽ തന്നെ നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു.
എന്നാൽ വിമാനം റദ്ദാക്കിയ വിവരം പലർക്കും കൃത്യസമയത്ത് ലഭിച്ചില്ലെന്നാണ് യാത്രക്കാരുടെ പ്രധാന ആരോപണം. വീടുകളിൽ നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴാണ് പലരും ഈ വിവരം അറിയുന്നത്.
അതേസമയം, സർവീസ് റദ്ദാക്കിയ വിവരം യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും യാത്രക്കാർക്കായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നുമാണ് എയർലൈൻ പ്രതിനിധികൾ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന് പുറമെ, തിങ്കൾ രാവിലെ 7.05ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 5107 നമ്പർ വിമാനം വൈകിയതും വലിയ പ്രതിഷേധത്തിന് കാരണമായി.
യാത്രക്കാർ രാവിലെ 5 മണിക്ക് മുൻപ് തന്നെ വിമാനത്താവളത്തിൽ എത്തി ചെക് ഇൻ നടപടികൾ പൂർത്തിയാക്കിയിരുന്നു. തുടക്കത്തിൽ വിമാനം റദ്ദാക്കിയതായി എയർലൈനിന്റെ ഭാഗത്തുനിന്ന് അറിയിപ്പ് ലഭിച്ചെങ്കിലും, പിന്നീട് വിമാനം വൈകി പുറപ്പെടുമെന്ന സന്ദേശമാണ് ലഭിച്ചത്.
എന്നാൽ ഏറെ നേരം യാതൊരുവിധ വ്യക്തമായ വിവരവും അധികാരികളിൽ നിന്ന് ലഭിച്ചില്ല. കൃത്യമായ മറുപടി നൽകാത്തതിനെത്തുടർന്ന് യാത്രക്കാർ ബഹളം വെക്കുകയും വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയുമായിരുന്നു.
ആളുകൾ ശക്തമായി പ്രതിഷേധിച്ച ഘട്ടത്തിലാണ് തങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചതെന്നും യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു. സാങ്കേതിക കാരണങ്ങളെ തുടർന്നാണ് വിമാന സർവീസ് വൈകിയതെന്നാണ് പിന്നീട് അധികൃതർ അറിയിച്ചത്.
തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ച ശേഷം വൈകിയെത്തിയ വിമാനം ഉച്ചയ്ക്ക് 12.55ഓടെ തിരുവനന്തപുരത്തേക്ക് പുറപ്പെടുകയുണ്ടായി. യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണവും വിശ്രമ സൗകര്യങ്ങളും ഉൾപ്പെടെയുള്ളവ ഒരുക്കിയിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ദുബായ് വിമാനം റദ്ദാക്കിയതും തിരുവനന്തപുരം സർവീസ് വൈകിയതും കാരണം കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മറ്റ് വിവിധ സർവീസുകളും വൈകിയാണ് പുറപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

