തിരുവനന്തപുരം നഗരത്തിൽ കർക്കിടക വാവുബലിതർപ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് രാത്രി 10 മണി മുതൽ നാളെ ഉച്ചയ്ക്ക് 2 മണി വരെ തിരുവല്ലം ക്ഷേത്രപരിസരത്തും ബൈപ്പാസ് റോഡിലും വാഹനഗതാഗതത്തിനും പാർക്കിങ്ങിനും കർശന നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
തിരുവല്ലം ജംഗ്ഷൻ മുതൽ തിരുവല്ലം എൽപി സ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബലിതർപ്പണത്തിനായി എത്തുന്നവരുടെ വാഹനങ്ങൾ ബൈപ്പാസ് റോഡിൽ വേങ്കറ ക്ഷേത്രത്തിന് സമീപമുള്ള സർവീസ് റോഡിൽ തയ്യാറാക്കിയിട്ടുള്ള പാർക്കിങ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യേണ്ടതാണ്.
ഇതിനുപുറമെ, ശംഖുംമുഖത്ത് ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾക്കായി എയർഫോഴ്സ് സ്റ്റേഷൻ കർവ്വ് ഭാഗത്തുള്ള ഗ്രൗണ്ട്, ബെയ്ലി പ്രസ് ഗ്രൗണ്ട്, സുനാമി പാർക്കിനോട് ചേർന്നുള്ള ഗ്രൗണ്ട്, ശംഖുംമുഖം ദേവിക്ഷേത്ര ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ ഡൊമസ്റ്റിക് എയർപോർട്ട് മുതൽ ആൾസെയിന്റ്സ് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ പാർക്കിങ് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രാക്കാർ ഈ സാഹചര്യത്തിൽ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

