കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്ത് ഒന്നാം വാർഡിലെ പൂവത്താംകുന്ന് പ്രദേശത്ത് ജനങ്ങളിൽ ആശങ്ക പരത്തി ഗർത്തം രൂപപ്പെട്ട സംഭവം ദിവസേന ഗുരുതരമാകുന്നു.
പറയൻകണ്ടത്തിൽ പരമേശ്വരൻ എന്നയാളുടെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസമാണ് ഗർത്തം രൂപപ്പെട്ടത്. തുടക്കത്തിൽ ചെറിയൊരു കുഴിയായി കണ്ടുതുടങ്ങിയ ഈ പ്രതിഭാസം ഇപ്പോൾ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഗർത്തം രൂപപ്പെട്ടതിന് താഴ്ഭാഗത്തുള്ള കിണറ്റിലേക്ക് മണ്ണും ചെളി വെള്ളവും ഒഴുകിയെത്തിയത് പ്രദേശവാസികളിലെ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ഈ വീടിനു താഴെയുള്ള പ്രദേശത്തെ കൂരാച്ചുണ്ട്, കായണ്ണ പഞ്ചായത്തുകളിലായി ഏകദേശം 15 ഓളം കുടുംബങ്ങൾ കടുത്ത ഭീതിയിലാണ് ഇപ്പോൾ കഴിയുന്നത്.
കുഴി ഇനിയും വലുതാകുന്നത് വൻ അപകടത്തിന് കാരണമാകുമെന്നാണ് ജനങ്ങളുടെ ആശങ്ക. വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ജിയോളജി വിഭാഗത്തിന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച ജിയോളജിസ്റ്റുകൾ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. എന്നാൽ വിഷയത്തിൽ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്നും തിങ്കളാഴ്ച തന്നെ ഇതുസംബന്ധിച്ച റിപ്പോർട്ട് ഡിസാസ്റ്റർ മാനേജ്മെന്റിന് കൈമാറുമെന്നുമാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരിയും സംഭവസ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
എങ്കിലും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘം നേരിട്ടെത്തി സ്ഥലം പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഗർത്തം രൂപപ്പെടാനുള്ള യഥാർഥ കാരണം ശാസ്ത്രീയമായി കണ്ടെത്തി അടിയന്തര പരിഹാരം കാണണമെന്നും പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

