അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പുതിയ തീരുവ ഭീഷണികളുടെ പശ്ചാത്തലത്തിൽ, റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ സാധ്യതയില്ലെന്ന് സൂചന. ഇന്ത്യ എവിടെ നിന്നു ക്രൂഡോയിൽ വാങ്ങണമെന്ന കാര്യം മറ്റൊരു രാജ്യം തീരുമാനിക്കേണ്ടെന്ന കർശന നിലപാടിലാണ് കേന്ദ്രസർക്കാർ.
യുഎസ് സമ്മർദ്ദത്തിനു രാജ്യം വഴങ്ങിയാൽ അത് പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കാൻ സാധ്യതയനുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ദീർഘകാലമായി തുടരുന്ന വ്യാപാര-പ്രതിരോധ നയങ്ങളുടെ ഭാഗമായാണ് റഷ്യയുമായുള്ള ബന്ധം ഇന്ത്യ നിലനിർത്തുന്നത്.
വെറും തീരുവയുടെ പേരിൽമാത്രം എണ്ണ വാങ്ങുന്നത് നിർത്തിയാൽ അത് ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്ന രാജ്യങ്ങളുടെ മേൽ 100 ശതമാനം തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന ബിൽ യുഎസ് സെനറ്റ് പാസ്സാക്കിയത് കഴിഞ്ഞ ദിവസമാണ്.
ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള അഞ്ച് പ്രമുഖ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഈ നിയമനിർമ്മാണം. യുഎസ് ഭരണകൂടം ഈ ബില്ലിന് അന്തിമ അംഗീകാരം നൽകിയാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഭാരിച്ച തീരുവ നൽകേണ്ടി വരും.
ഇന്ത്യയുമായി സുപ്രധാനമായ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. എന്നാൽ സെനറ്റിൽ ബിൽ പാസായതുകൊണ്ടുമാത്രം തീരുവ ഉടൻ ബാധകമാകില്ലെന്നും, ഇക്കാര്യത്തിൽ യുഎസ് പ്രതിനിധി സഭയുടെ നിലപടുകൂടി നിർണായകമാകുമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു.
ജൂലൈയിലും റെക്കോർഡ് ഇറക്കുമതി അമേരിക്കയുടെ ഭാഗത്തുനിന്ന് തീരുവ ഭീഷണികൾ ശക്തമാകുന്നതിനിടയിലും, റഷ്യയിൽ നിന്ന് ജൂലൈ മാസത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്തത് റെക്കോർഡ് ക്രൂഡോയിലാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ജൂലൈയിൽ പ്രതിദിനം 49.6 ലക്ഷം ബാരൽ ക്രൂഡോയിലാണ് രാജ്യത്തേക്ക് എത്തിയത്.
ഇതിന്റെ പകുതിയോളം അതായത് 27.8 ലക്ഷം ബാരൽ വരുന്നത് റഷ്യയിൽ നിന്നാണ്. നടപ്പുസാമ്പത്തിക വർഷത്തിൽ ഇന്ത്യ ഇതുവരെ ഇറക്കുമതി ചെയ്ത ആകെ ക്രൂഡോയിലിന്റെ 30 ശതമാനവും റഷ്യൻ ഉറവിടങ്ങളിൽ നിന്നുള്ളതാണ്.
ഏകദേശം 4082 കോടി ഡോളർ മൂല്യം വരുന്നതാണ് ഈ ഇറക്കുമതിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. റഷ്യയുമായുള്ള ദൃഢമായ വ്യാപാര ബന്ധം ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ തയാറല്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ കണക്കുകൾ നൽകുന്നത്.
മുൻപ് ട്രംപ് ഭരണകൂടം റഷ്യൻ എണ്ണയെച്ചൊല്ലി 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യ ഇറക്കുമതി അൽപ്പം കുറച്ചിരുന്നു. എന്നാൽ സമാനമായ രീതിയിലുള്ള നടപടികൾ ഇത്തവണ ഉണ്ടാകില്ലെന്നാണ് സൂചനകൾ.
നിലവിൽ റഷ്യയിൽ നിന്ന് ലഭിക്കുന്നത്രയും വലിയ അളവിലുള്ള ക്രൂഡോയിൽ മറ്റൊരു വിപണിയിൽ നിന്നും പെട്ടെന്ന് കണ്ടെത്തുക എളുപ്പമല്ലെന്ന യാഥാർത്ഥ്യവും കേന്ദ്രം ഗൗരവമായി പരിഗണിക്കുന്നുണ്ട്. വിലക്കയറ്റ ഭീഷണി അടുക്കളയിലേക്ക് അമേരിക്കയുടെ സമ്മർദ്ദത്തിന് അടിപ്പെട്ട് ഇന്ത്യ പെട്ടെന്ന് റഷ്യൻ എണ്ണ ഒഴിവാക്കിയാൽ രാജ്യത്ത് തിരിച്ചടി ഗുരുതരമായിരിക്കുമെന്ന് പ്രമുഖ ഷിപ്പ് ട്രാക്കിങ് വെബ്സൈറ്റായ കെപ്ലർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പശ്ചിമേഷ്യയിൽ പ്രതിസന്ധി ഉടലെടുത്ത ഘട്ടങ്ങളിൽ പോലും ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് വലിയ ആശ്വാസമായത് റഷ്യൻ എണ്ണയായിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങാൻ തയാറാകാതെ വന്നാൽ അത് രാജ്യാന്തര വിപണിയിൽ വലിയ സമ്മർദ്ദത്തിന് കാരണമാകും.
ഇത് ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയരുന്നതിലേക്ക് നയിക്കും. കൂടുതൽ വില നൽകി എണ്ണ ഇറക്കുമതി ചെയ്യേണ്ടി വരുന്നത് ഇന്ത്യയുടെ മൊത്തത്തിലുള്ള ഇറക്കുമതിച്ചെലവ് ക്രമാതീതമായി വർധിപ്പിക്കും.
ഇത് രാജ്യത്തിന്റെ ഊർജസുരക്ഷയെ ഗുരുതരമായി ബാധിക്കുകയും വിപണിയിൽ വിലക്കയറ്റം കുതിച്ചുയരാൻ കാരണമാകുകയും ചെയ്യുമെന്ന് കെപ്ലർ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം രാജ്യത്തെ ചില്ലറ വിലക്കയറ്റ നിരക്ക് റിസർവ് ബാങ്കിന്റെ സുരക്ഷിത പരിധിയായ നാലു ശതമാനം പിന്നിട്ടിരുന്നു.
വിലക്കയറ്റം വീണ്ടും വർധിക്കുന്നത് ഭാവിയിൽ അടിസ്ഥാന പലിശ നിരക്കുകൾ ഉയർത്തുന്നതടക്കമുള്ള കർശന സാമ്പത്തിക നടപടികളിലേക്ക് രാജ്യത്തെ നയിച്ചേക്കുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. യുഎസിന് തന്നെ തിരിച്ചടിയാകുന്ന നീക്കം ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കുമേൽ പുതിയ തീരുവകൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം യുഎസിന്റെ സ്വന്തം താൽപര്യങ്ങളെപ്പോലും ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വ്യാപാര-സാമ്പത്തിക മേഖലകളെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുന്ന നടപടികൾ അമേരിക്കയ്ക്ക് തന്നെ വലിയ തിരിച്ചടിയായി മാറും. രാജ്യങ്ങൾ യുഎസ് ഡോളറിലുള്ള വ്യാപാരം പതുക്കെ കുറയ്ക്കാൻ ഇത് ഇടയാക്കും.
ഇതിന്റെ ഉദാഹരണമെന്നോണം ഇന്ത്യ പല രാജ്യങ്ങളുമായും ഡോളറിന് പകരമായി സ്വന്തം കറൻസിയിൽ ഇടപാടുകൾ നടത്തുന്ന രീതി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ട്രംപിന്റെ ഈ വിവാദ നീക്കത്തിനെതിരെ അമേരിക്കയ്ക്കുള്ളിൽ നിന്നുപോലും എതിർപ്പുകൾ ഉയരുന്നുണ്ട്.
അമിതമായ തീരുവ ചുമത്തുന്നത് ഇന്ത്യയെ റഷ്യൻ-ചൈനീസ് കൂട്ടുകെട്ടിലേക്ക് കൂടുതൽ അടുപ്പിക്കുകമാത്രമേ ചെയ്യൂ എന്ന് യുഎസ് സെനറ്റർ റാൻഡ് പോൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

