വയനാട് ജില്ലയിലെ തേറ്റമല വാളേരിയിൽ എസ്റ്റേറ്റ് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് മാനേജ്മെന്റ് ടോൾ ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കാർഷിക ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും, വളം ഉൾപ്പെടെയുള്ള കൃഷി ആവശ്യവസ്തുക്കൾ എത്തിക്കുന്നതിനും, വീട് നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്നതിനുമുള്ള വാഹനങ്ങളിൽ നിന്ന് ചുങ്കം ഈടാക്കുന്നതാണ് കർഷകർക്കും ഗോത്ര വിഭാഗങ്ങൾക്കും വലിയ പ്രതിസന്ധിയായിരിക്കുന്നത്.
ഗോത്ര വിഭാഗങ്ങൾക്കായി നിർമ്മിക്കുന്ന വീടുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങൾക്കുപോലും പണം നൽകേണ്ട അവസ്ഥയാണ് ഉള്ളത്.
ഒരു വാഹനം കടന്നുപോകാൻ 50 രൂപ മുതൽ 100 രൂപ വരെയാണ് ഈടാക്കുന്നത്. ഇത് കാർഷിക ആവശ്യങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
പ്രദേശത്ത് നാൽപതോളം കർഷകരാണ് കൃഷി ചെയ്തുവരുന്നത്. നിരവധി ഗോത്ര കുടുംബങ്ങളുടെ ഭവന നിർമ്മാണ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്.
ചുങ്കം പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ല. തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട് പൊലീസ് നടത്തിയ ചർച്ചയും പരാജയപ്പെടുകയായിരുന്നു.
കർഷകരെയും ഗോത്ര കുടുംബങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഈ നടപടി മാനേജ്മെന്റ് ഉടൻ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാൽ, എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനു വേണ്ടിയാണ് റോഡ് ഉപയോഗിക്കുന്നവരിൽ നിന്ന് പണം ഈടാക്കുന്നതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.
ചരക്കു വാഹനങ്ങളിൽ നിന്ന് മാത്രമാണ് ടോൾ ഈടാക്കുന്നത് എന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അടിയന്തരമായി ചുങ്കം പിരിവ് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കേരള കർഷക സംഘം പനമരം ഏരിയ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
കർഷകരെ ദ്രോഹിക്കുന്ന പാരിസൺ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. ഏരിയ പ്രസിഡന്റ് എം.
മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം.എ. ചാക്കോ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് പി. സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി സുനിത ദിലീപ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജസ്റ്റിൻ ബേബി, ജോണി മുള്ളോട്ട്, അഡ്വ.
ജോഷി മുണ്ടയ്ക്കൽ, പി.സി. ബെന്നി, കൃഷ്ണപ്പൻ കാഞ്ഞിരങ്ങാട് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

