കേരള സര്‍വകലാശാലയില്‍ പരീക്ഷാ ഉത്തരക്കടലാസുകളും അഡീഷണല്‍ ഷീറ്റുകളും കാണാതാകുന്നത് പതിവാകുന്നുവെന്ന് വിദ്യാര്‍ഥികളുടെ ഗുരുതര ആരോപണം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്സ് പരീക്ഷയുടെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായതായി അഞ്ചാം സെമസ്റ്റര്‍ ബിഎസ്സി വിദ്യാര്‍ഥി വെളിപ്പെടുത്തി.
ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച സമ്മതിക്കാതെയുള്ള മറുപടിയാണ് ലഭിച്ചതെന്നും എന്നാല്‍ പിന്നീട് പുനര്‍മൂല്യനിര്‍ണയത്തിന് സമര്‍പ്പിച്ചപ്പോള്‍ 14 മാര്‍ക്ക് അധികമായി ലഭിച്ചുവെന്നും വിദ്യാര്‍ഥി വ്യക്തമാക്കി. പരീക്ഷയ്ക്ക് മുപ്പതോളം പേജുകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഇരുപത്തിയഞ്ച് പേജുകളുടെ മാര്‍ക്ക് മാത്രമാണ് പലപ്പോഴും ലഭിക്കുന്നത്.
ബാക്കി പേജുകള്‍ എങ്ങോട്ട് പോകുന്നു എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലെന്നും ഇത് നിരവധി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധിയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. കഷ്ടപ്പെട്ട് പഠിച്ച് എഴുതുന്ന ഉത്തരക്കടലാസുകള്‍ സര്‍വകലാശാല അധികൃതര്‍ യാതൊരു ഉത്തരവാദിത്തവുമില്ലാതെയാണ് കൈകാര്യം ചെയ്യുന്നത്.
ഇത് വിദ്യാര്‍ഥികളില്‍ കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. മാര്‍ക്ക് കണക്കുകൂട്ടുന്നതിലടക്കം ഗുരുതരമായ പിഴവുകളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ആരോപണമുണ്ട്.
പല വിദ്യാര്‍ഥികള്‍ക്കും പുനര്‍മൂല്യനിര്‍ണയത്തിന് ശേഷം മാര്‍ക്കില്‍ ഇരട്ടിയോളമാണ് വര്‍ധനവുണ്ടാകുന്നത്. പുനര്‍മൂല്യനിര്‍ണയ നടപടികള്‍ക്കും ഫലപ്രഖ്യാപനത്തിനുമായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് വിദ്യാര്‍ഥികളുടെ വിലപ്പെട്ട
അക്കാദമിക് സമയമാണ് നഷ്ടപ്പെടുത്തുന്നത്. അപ്രത്യക്ഷമാകുന്ന അഡീഷണല്‍ ഷീറ്റുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സമാനമായ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ മുഖ്യ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

