നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രമായ എരഞ്ഞിപ്പാലം ജംക്ഷന്റെ ട്രാഫിക് സംവിധാനം പൂർണമായി അഴിച്ചു പണിയണമെന്നു സെന്റർ ഓഫ് എക്സലൻസ് ഇൻ അർബൻ പ്ലാനിങ് ആൻഡ് ഡിസൈൻ–എൻഐടി കാലിക്കറ്റിന്റെ റിപ്പോർട്ട്. സിഒഇയുപിഡി വൈസ് ചെയർമാൻ ഡോ.എം.എ.നസീർ, അസി.
പ്രഫസർ ഡോ.സി.മുനവ്വർ ഫൈറൂസ്, റിസർച് അസിസ്റ്റന്റ് അഭിന ഷാജു, റിസർച് സ്കോളർ കാർത്തിക, പ്ലാനർ അസോഷ്യേറ്റ് സലാൽ മുഹമ്മദ് റഹ്മാൻ എന്നിവരടങ്ങിയ സംഘത്തിന്റെ റിപ്പോർട്ടിൽ നിന്നാണ് ഈ നിർദേശങ്ങൾ. പ്രശ്നങ്ങൾ സിഗ്നലുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും തിരക്കേറിയ സമയങ്ങളിൽ പൊലീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഗതാഗതം മുന്നോട്ടുപോകുന്നത്.
എല്ലാ പ്രവേശന റോഡുകളിലെയും വാഹനനിര ഒരേസമയം വ്യക്തമായി കാണുന്നതിനുള്ള പരിമിതി പ്രവർത്തനക്ഷമതയെ ബാധിക്കുന്നുണ്ട്. മിനി ബൈപാസ് റോഡിൽ നിന്നു ഫ്രീ ലെഫ്റ്റ് തിരിയുന്ന വാഹനങ്ങൾ വയനാട് റോഡിലെ വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു.
വൻതിരക്കുള്ള സമയങ്ങളിൽ മിനി ബൈപാസ് റോഡിൽ വലിയ വാഹനനിരയാണ് രൂപപ്പെടുന്നത്. ജംക്ഷൻ പൂർണ്ണമായി കടന്നുപോകാൻ സിഗ്നൽ അഞ്ചിലധികം തവണ മാറേണ്ട
അവസ്ഥയാണ് നിലവിലുള്ളത്. സ്റ്റോപ് ലൈനുകൾ, ലെയിൻ മാർക്കിങ്ങുകൾ, കൃത്യമായ ദിശാസൂചനകൾ എന്നിവയുടെ അഭാവം യാത്രാസൗകര്യങ്ങളെ ബാധിക്കുന്നുണ്ട്.
പല വാഹനങ്ങളും ജംക്ഷന്റെ മധ്യഭാഗത്തോട് വളരെ അടുത്താണു നിർത്തുന്നത്. ഇത് ജംക്ഷനിലെ സ്ഥലപരിമിതി വർദ്ധിപ്പിക്കുകയും മറ്റ് വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിച്ച് കൂട്ടിയിടാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.
ജംക്ഷന്റെ ഇരുവശത്തുമായി വയനാട് റോഡിലെ 500 മീറ്റർ ഭാഗം താരതമ്യേന ഇടുങ്ങിയ നിലയിലാണ്. വീതി കൂട്ടിയ ഭാഗങ്ങളിലൂടെയെത്തുന്ന വാഹനങ്ങൾ ജംക്ഷനോടു സമീപത്തെ കുറഞ്ഞ വീതിയിലേക്ക് പ്രവേശിക്കുമ്പോൾ കുപ്പിക്കഴുത്തുപോലെ മാറുന്നു.
മീഡിയന്റെ വീതി ഒരേ രീതിയിലല്ലാത്തതും ഇരുവശങ്ങളിലുമുള്ള റോഡിന്റെ വീതിയിലുള്ള വ്യത്യാസവും പ്രതിസന്ധി ഇരട്ടിയാക്കുന്നു. മലാപ്പറമ്പ്–എരഞ്ഞിപ്പാലം ദിശയിലെ റോഡ് എതിർ ദിശയിലുള്ളതിനേക്കാൾ ഇടുങ്ങിയതാണ്.
കാൽനട യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും ഗുരുതരമായ പ്രതിസന്ധിയിലാണ്.
പെഡസ്ട്രിയൻ സിഗ്നൽ നിലവിലുണ്ടെങ്കിലും അതിനനുസരിച്ചുള്ള സീബ്ര ക്രോസിങ് ഒരുക്കിയിട്ടില്ല. നടപ്പാതകളിൽ പലതും പല ഭാഗങ്ങളിലും തകർന്നുകിടക്കുകയാണ്.
മലാപ്പറമ്പ്–എരഞ്ഞിപ്പാലം റോഡിൽ നിന്ന് ചുള്ളിയോട് റോഡിലേക്കും സരോവരം ബയോ പാർക്ക് റോഡിലേക്കുമുള്ള തിരിവുകൾ വയനാട് റോഡിലെ യാത്രയെ തടസ്സപ്പെടുത്തുന്നു. മിനി ബൈപാസ് റോഡിന് സമാന്തരമായി പോകുന്ന കനാൽ സൈഡ് റോഡിലേക്കുള്ള പ്രവേശനവും അവിടുന്നുള്ള വാഹനങ്ങളുടെ കടന്നുവരവും മിനി ബൈപാസിൽ നിന്നുള്ള ഫ്രീ ലെഫ്റ്റ് വാഹനങ്ങളെ ബാധിക്കുന്നു.
വളരെ അടുത്തടുത്തായി നടക്കുന്ന ഈ കാര്യങ്ങളെല്ലാം ജംക്ഷനിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. പരിഹാര നിർദേശം ഓരോ ദിശയിലെയും വാഹനങ്ങളുടെ എണ്ണം, നിരയുടെ നീളം എന്നിവ വിശദമായി പരിശോധിച്ച് സിഗ്നൽ ഫെയ്സിങ്ങും സമയക്രമവും പുനർരൂപകൽപന ചെയ്യണം.
തിരക്കേറിയ സമയങ്ങൾക്കും അല്ലാത്തവയ്ക്കും പ്രത്യേകം സിഗ്നൽ സമയക്രമം നടപ്പാക്കണം. ട്രാഫിക് റെസ്പോൺസീവ് അല്ലെങ്കിൽ അഡാപ്റ്റീവ് സിഗ്നൽ സംവിധാനമാണ് ഇവിടെ ആവശ്യം.
റോഡിന്റെ ഇടുങ്ങിയ ഭാഗങ്ങൾ സാധ്യമാകുന്ന രീതിയിൽ വീതി കൂട്ടുകയോ മിനി ബൈപാസ് റോഡിലെ ഫ്രീ ലെഫ്റ്റ് സംവിധാനം പുനർരൂപകൽപന ചെയ്യുകയോ വേണം. ചുള്ളിയോട് റോഡ്, സരോവരം ബയോ പാർക്ക് റോഡ്, കനാൽ സൈഡ് റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഗതാഗതം വയനാട് റോഡിലെയും മിനി ബൈപാസിലെയും പ്രധാന വാഹന യാത്രയെ തടസ്സപ്പെടുത്താത്ത വിധം ക്രമീകരിക്കണം.
പെഡസ്ട്രിയൻ സിഗ്നലുകളുമായി ഏകോപിപ്പിച്ച സീബ്ര ക്രോസിങ്, വ്യക്തമായ സ്റ്റോപ് ലൈനുകൾ, ലെയിൻ മാർക്കിങ്ങുകൾ, ദിശാസൂചനകൾ, തുടർച്ചയായ ഉപയോഗയോഗ്യമായ ഫുട്പാത്തുകൾ, കർബ് റാംപുകൾ, ആവശ്യമായ സ്ഥലങ്ങളിൽ റഫ്യൂജ് ഐലൻഡുകൾ എന്നിവ ഉടൻ ഒരുക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

