പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തളിപ്പറമ്പിലെ ഒരു ലോഡ്ജിലാണ് ഇയാൾ രണ്ടുദിവസം ഒളിവിൽ കഴിഞ്ഞിരുന്നത്.
സംഭവത്തിൽ പ്രണവ് എന്ന സുഹൃത്തും കുട്ടൻ എന്ന ബന്ധുവും അർജുന് വേണ്ട സഹായങ്ങൾ ചെയ്തതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയ ഇരുവരെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. ഇതിനിടയിലാണ് അർജുൻ ആയങ്കിക്കെതിരെ കർശന നടപടിയുടെ ഭാഗമായി കാപ്പ (KAAPA) ചുമത്താനുള്ള പ്രാരംഭ നടപടികൾ പൊലീസ് ആരംഭിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച സമഗ്രമായ കേസ് ഹിസ്റ്ററി റിപ്പോർട്ട് ഈ ആഴ്ച തന്നെ തയ്യാറാക്കി സമർപ്പിക്കും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ മുഖേന കണ്ണൂർ ജില്ലാ കളക്ടർക്കാണ് ഈ റിപ്പോർട്ട് കൈമാറുക.
റിപ്പോർട്ട് പരിശോധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നത് ജില്ലാ കളക്ടർ ആയിരിക്കും. സംസ്ഥാനത്ത് സാമൂഹ്യവിരുദ്ധരെയും ഗുണ്ടാസംഘങ്ങളെയും അമർച്ച ചെയ്യുന്നതിനായുള്ള ഓപ്പറേഷൻ ഗ്രിപ്പ് നടപടികൾ പുരോഗമിക്കുകയാണ്.
ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളെ നിരീക്ഷിക്കുന്നതിനൊപ്പം, ഇവരുടെ സാമ്പത്തിക സ്രോതസ്സുകളും അനധികൃത സാമ്പത്തിക ഇടപാടുകളും പൊലീസ് പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. ഗുണ്ടകൾക്കെതിരായ കർശന നടപടികളുടെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് ദിവസേന നൽകേണ്ടതില്ലെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് കർശന നിർദേശം ലഭിച്ചിട്ടുണ്ട്.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരം തികഞ്ഞ രഹസ്യസ്വഭാവത്തോടെയാണ് അന്വേഷണ നീക്കങ്ങൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

