വെല്ലുവിളിയേറ്റെടുത്ത കണ്ണൂർ സ്ക്വാഡിന് ലക്ഷ്യത്തിലെത്താൻ വേണ്ടിവന്നത് 60 മണിക്കൂർ. തളിപ്പറമ്പിൽ അർജുൻ ആയങ്കി രണ്ടുദിവസം കഴിഞ്ഞത്, ഏറ്റവും സുരക്ഷിതമായ ഒളിയിടത്തിൽ.
ആയങ്കിയുമായി അടുത്ത ബന്ധമുള്ള, കുപ്രസിദ്ധ രാഷ്ട്രീയ ഗുണ്ടയുടെ താവളമായ ഇവിടെ രാത്രി പരിശോധനയ്ക്ക് 40 പൊലീസെങ്കിലും വേണ്ടിവരുമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തും ഒളിത്താവളത്തിലെത്തിക്കും മുൻപു കൂട്ടാളികൾ മൊബൈൽ ഫ്ലൈറ്റ് മോഡിലിട്ടും നീങ്ങിയ അർജുൻ ആയങ്കിയെ പൊലീസ് പിടികൂടിയതു മികച്ച ഫീൽഡ് തന്ത്രങ്ങളിലൂടെ.
അർജുന്റെ സുഹൃത്തുക്കൾ, രാഷ്ട്രീയപ്രവർത്തകർ, ബന്ധുക്കൾ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം.
അഴീക്കൽ കപ്പക്കടവ് ആയങ്കി ആയങ്കി ഹൗസിലെത്തി അമ്മയെ ചോദ്യംചെയ്തപ്പോൾ മാസങ്ങളായി വന്നിട്ട് എന്നായിരുന്നു മറുപടി. പൊലീസിന് അറിയാമായിരുന്ന ആയങ്കിയുടെ ഫോൺ നമ്പർ 5 മുതൽ സ്വിച്ച് ഓഫായിരുന്നു.
വൈഫൈ ഉപയോഗിച്ചാണ് അർജുൻ സമൂഹമാധ്യമങ്ങളിൽ ഇടപെട്ടിരുന്നതെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണം നടക്കുമ്പോഴൊക്കെയും സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപ്പിൽ അർജുന്റെ സന്ദേശം വരുന്നുണ്ടായിരുന്നു.
പൊലീസ് നിങ്ങളെയും ചോദ്യംചെയ്യാൻ സാധ്യതയുണ്ട്, എല്ലാവരും ഫോൺ ഓഫാക്കണമെന്നും അവസാനസന്ദേശം വന്നു. കൊച്ചിയിൽനിന്ന് അർജുൻ ആയങ്കി കണ്ണൂർ അഴീക്കോട് കപ്പക്കടവിലെത്തിയത് ഈ മാസം 5ന് രാത്രിയിൽ.
കാറിലായിരുന്നു യാത്ര. പിറ്റേന്ന്, സുഹൃത്തുക്കളായ പ്രണവിനും കുട്ടൻ എന്നു വിളിക്കുന്ന ജിതിനുമൊപ്പം യാത്ര ചെയ്തു.
പ്രണവും കുട്ടനും മട്ടന്നൂർ, തോട്ടട, ചാലോട് എന്നിവിടങ്ങളിൽ പോയപ്പോൾ അർജുനും ഒപ്പമുണ്ടായിരുന്നു. എന്നാൽ കാറിൽനിന്നു പുറത്തിറങ്ങിയില്ല.
അന്നു വൈകിട്ട് സംശയം തോന്നിയ അർജുൻ ആയങ്കി പ്രണവിനോടു മാറിനിൽക്കാൻ നിർദേശിച്ചു. പിന്നീട്, തളിപ്പറമ്പിലെ ഒളിസങ്കേതത്തിലെത്തി.
ഇവിടെയെത്തിച്ചത് കുട്ടനും പ്രണവുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തലം. 7 നു രാവിലെ കുട്ടനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അർജുൻ ആയങ്കി എവിടേക്കുപോയെന്ന് അറിയില്ലെന്നായിരുന്നു മറുപടി.
ഇതിനിടെ, കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘം കുട്ടനെയും ആയങ്കിയുടെ മറ്റൊരു സുഹൃത്തായ അഖിലിനെയും കസ്റ്റഡിയിലെടുത്തതോടെ, കണ്ണൂരിലെ പൊലീസ് സംഘം വീണ്ടും ഇരുട്ടിലായി. ഒടുവിൽ, കുട്ടൻ സഞ്ചരിച്ച വഴികളിലൂടെ നടത്തിയ അന്വേഷണത്തിൽ, തളിപ്പറമ്പിലാണ് അർജുൻ ആയങ്കിയെ കുട്ടൻ ഇറക്കിയതെന്നു കണ്ടെത്തി.
പ്രണവും ഒപ്പമുണ്ടായിരുന്നതായും കണ്ടെത്തി.തളിപ്പറമ്പിൽ അർജുൻ ആയങ്കി ബന്ധപ്പെടാൻ സാധ്യതയുള്ളവരുടെ വിവരങ്ങളും പരിസരത്തുനിന്നുള്ള ഫീൽഡ് ഇന്റലിജൻസ് വിവരങ്ങളും കോർത്തിണക്കിയതോടെ ഒളിയിടം വ്യക്തമാകുകയായിരുന്നു. ഒളിയിടത്തിലേക്കു പോകുമ്പാൾ കൂട്ടാളികൾ മൊബൈൽ ഫ്ലൈറ്റ് മോഡിലിടും.
താവളം മാറുമ്പോൾ, അങ്ങോട്ടു നേരിട്ടുപോകാതെ മറ്റൊരു ദിശയിലെത്തി അവിടെനിന്നു പുതിയ കേന്ദ്രത്തിലേക്കു യാത്ര തുടരും. വാഹനവും മാറും.
പൊലീസിനെ വഴിതെറ്റിക്കാനുള്ള മാർഗം. കഴിഞ്ഞദിവസം തളിപ്പറമ്പിൽനിന്നു പയ്യന്നൂർ ഭാഗത്തേക്കുള്ള ചുടലയിലെത്തിയശേഷം ഇവിടെനിന്നാണു വാഹനം മാറി, കണ്ണൂരിലേക്കു പോയത്.
ബന്ധുക്കളായ പ്രണവ്, കുട്ടൻ, ദീപു എന്നിവരാണ് അർജുൻ ആയങ്കിയുടെ പ്രധാനകൂട്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂട്ടാളികളെ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തപ്പോഴെല്ലാം ബന്ധുക്കളും പാർട്ടിക്കാരും സമ്മർദം ചെലുത്തിയതും പൊലീസിനു ബുദ്ധിമുട്ടുണ്ടാക്കി.
8ന് ഉച്ചയ്ക്ക് തളിപ്പറമ്പ് ഇൻസ്പെക്ടർക്കെത്തിയ ഫോൺ കോളാണ് അന്വേഷണത്തിനു വഴിത്തിരിവായത്. അപ്പോഴേക്കും അന്വേഷണം 48 മണിക്കൂർ പിന്നിട്ടിരുന്നു.
അർജുൻ ആയങ്കിയെപോലെയൊരാൾ ഓട്ടോറിക്ഷയിൽ കയറിയെന്നും ചുടല–മാതമംഗലം റോഡിൽ വച്ച് കാറിൽ കയറിയെന്നുമായിരുന്നു ഫോൺ. തുടർന്നു നടത്തിയ അന്വേഷണത്തിലാണു കണ്ണൂർ താളിക്കാവിലെ അഭിഭാഷകയുടെ വീട്ടിൽനിന്ന് അർജുനെ പിടികൂടുന്നത്.
ഇന്നലെ പുലർച്ചെ 2.15ന് ആണ് അഭിഭാഷകയുടെ വീട് പൊലീസ് വളയുന്നത്. അർജുൻ ഇല്ലെന്നു ആദ്യം അഭിഭാഷക പറഞ്ഞെങ്കിലും പൊലീസ് പിന്മാറിയില്ല.
ഒടുവിൽ അർജുനെ കസ്റ്റഡിയിലെടുത്ത് ടൗൺ സ്റ്റേഷനിലെത്തിയത് 3 മണിക്ക്. അവിടെനിന്ന് ചോദ്യംചെയ്യൽ പൂർത്തിയായി സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

