ദുബായില്‍ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയതായി നിര്‍മ്മിച്ച നാലുവരി മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നു. അല്‍ കുദ്ര മേഖലയില്‍ നിര്‍മ്മിച്ച മേല്‍പ്പാലവും അനുബന്ധ റോഡുകളുമാണ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്സ് അതോരിറ്റി (ആര്.ടി.എ) യാഥാര്‍ത്ഥ്യമാക്കിയത്.
പുതിയ യാത്രാസംവിധാനം നിലവില്‍ വരുന്നതോടെ മണിക്കൂറില്‍ ആറായിരം വാഹനങ്ങള്‍ക്ക് ഈ പാതയിലൂടെ സുഗമമായി കടന്നുപോകാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബായിലെ അല്‍ കുദ്ര സിറ്റിയില്‍ നിന്നും ഉം സുഖീം ഭാഗത്തേയ്ക്കുള്ള വാഹനത്തിരക്ക് ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ഏഴുന്നൂറ് മീറ്റര്‍ നീളമുള്ള മേല്‍പ്പാലത്തില്‍ നാലു ലെയ്നുകളാണുള്ളത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രധാന ഇന്റര്സെക്ഷനുകളിലൊന്നായ ഇവിടുത്തെ കാത്തിരിപ്പ് സമയം ഏകദേശം ഏഴ് മിനിറ്റില്‍ നിന്ന് ഒരു മിനിറ്റായി കുറയും.
ഇത് ഏകദേശം 85 ശതമാനത്തിന്റെ കുറവാണ് ഗതാഗത രംഗത്തുണ്ടാക്കുന്നത്. കൂടാതെ, വാഹനങ്ങളുടെ ശേഷി മണിക്കൂറില്‍ 7,800 ല്‍ നിന്ന് 19,400 ആയി ഉയരുകയും ചെയ്യും.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ട റോഡും മേല്‍പ്പാലവും കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ തന്നെ തുറന്നുകൊടുത്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായ നാലാം ഘട്ടം ഉടന്‍തന്നെ പ്രാവര്‍ത്തികമാകും. അല്‍ കുദ്രയില്‍ നിന്നും ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റിലേയ്ക്കുള്ള അടുത്തഘട്ട
റോഡ് വികസനം ഇക്കൊല്ലം അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ഘട്ടത്തില്‍ അഞ്ഞൂറ് മീറ്ററും തൊള്ളായിരം മീറ്ററും വീതമുള്ള രണ്ടു മേല്‍പ്പാലങ്ങളാണ് നിര്‍മ്മിക്കുന്നത്.
കൂടാതെ മൂന്നു കിലോമീറ്ററോളം സര്‍വ്വീസ് റോഡും ഈ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും. എല്ലാ ദിശകളിലേക്കും സുഗമമായ ഗതാഗതം ഉറപ്പാക്കുന്ന രീതിയിലായിരിക്കും ഈ റാമ്പുകളുടെ ഘടന.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്തൊന്‍പതിനായിരത്തി നാനൂറ് വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാവുന്ന വിധത്തിലാകും ഗതാഗത ക്രമീകരണങ്ങളെന്ന് ആര്.ടി.എ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

