ഉത്സവകാലത്തെ സാമ്പത്തിക ബാധ്യതകൾക്കിടയിൽ സപ്ലൈകോ നടത്തുന്ന വിപണി ഇടപെടൽ സാധാരണ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് ബീച്ചിൽ ഓപ്പൺ സ്റ്റേജിന് മുൻവശത്ത് നടന്ന ഓണം 2026 സപ്ലൈകോ മെഗാ ട്രേഡ് ഫെയറിന്റെ ജില്ലാതല ഉദ്ഘാടനവും ആദ്യ വിൽപനയും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം നിരവധി പുതിയ സങ്കേതങ്ങളോടെയാണ് ഇത്തവണ ട്രേഡ് ഫെയറുകൾ ഒരുക്കിയിരിക്കുന്നതെന്ന് സ്റ്റാളുകൾ സന്ദർശിച്ച ശേഷം അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ അഡ്വ.
ഫൈസൽ ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ ഒ.സദാശിവൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൗൺസിലർമാരായ എൻ.പി.സൗഫിയ, സഫറി വെള്ളയിൽ, സപ്ലൈകോ മാനേജിങ് ഡയറക്ടർ വി.എം.ജയകൃഷ്ണൻ, ജനറൽ മാനേജർ എം.യു.ബിജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനൊപ്പം ജനങ്ങൾക്ക് മികച്ച പർച്ചേസിങ് അനുഭവം പ്രദാനം ചെയ്യുന്നതാണ് സപ്ലൈകോയുടെ ഈ വർഷത്തെ ഓണം മെഗാ ട്രേഡ് ഫെയറുകൾ.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലും സമാനമായ രീതിയിൽ മെഗാ ഫെയറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ മേഖലകളിലെ മുൻനിര സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഇത്തവണത്തെ ഫെയറിന്റെ പ്രത്യേകതയാണ്.
നാലായിരം സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ജർമൻ ഹാംഗർ ഘടനയിലാണ് സ്റ്റാളുകൾ സജ്ജീകരിച്ചിരിക്കുന്നത്. പൂർണമായും എയർകണ്ടീഷൻ ചെയ്ത ഈ വേദികളിൽ മിൽമ ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ, ഫുട്വെയറുകൾ, ഭക്ഷ്യോൽപ്പന്നങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സാധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 25 വരെ രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെയാണ് മെഗാ ട്രേഡ് ഫെയർ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ മറ്റ് പതിനൊന്ന് ജില്ലകളിലും പ്രധാന കേന്ദ്രങ്ങളിൽ സപ്ലൈകോയുടെ ജില്ലാ ഫെയറുകൾ നടക്കുന്നുണ്ട്.
ഈ ജില്ലാ ഫെയറുകൾ ഓഗസ്റ്റ് 14ന് ആരംഭിച്ച് 25ന് സമാപിക്കും. കൂടാതെ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഓഗസ്റ്റ് 21 മുതൽ 25 വരെ സപ്ലൈകോ ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്.
പ്രത്യേക ഓണക്കിറ്റുകളും ഗിഫ്റ്റ് കാർഡുകളും ഓണാഘോഷത്തിന് ആവശ്യമായ പ്രധാന പലവ്യഞ്ജനങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേക സമ്മാന കിറ്റുകളും സപ്ലൈകോ വിപണിയിലെത്തിച്ചിട്ടുണ്ട്. അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകൾ ഉൾപ്പെടെ ഇരുപത്തിയൊന്ന് ഇനങ്ങൾ അടങ്ങിയ ‘അത്തം ഓണ സമ്മാന കിറ്റ്’ ആയിരം രൂപയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്.
പരമാവധി വിൽപന വില 1280 രൂപ വരുന്ന ഈ കിറ്റ് 280 രൂപയുടെ വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിനുപുറമെ, ഇരുപത്തിയഞ്ച് ഇനങ്ങൾ അടങ്ങിയ ‘ഉത്രാടം കിറ്റ്’ പരമാവധി വിൽപന വിലയിൽ നിന്നും 380 രൂപ കുറച്ച് 1500 രൂപയ്ക്കും, മുപ്പത് ഇനങ്ങൾ ഉൾക്കൊള്ളുന്ന പ്രീമിയം ‘തിരുവോണം കിറ്റ്’ 540 രൂപ ഇളവോടെ 2000 രൂപയ്ക്കുമാണ് സപ്ലൈകോ നൽകുന്നത്.
ഇവയ്ക്കുപുറമേ പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞൾപൊടി തുടങ്ങി ഒമ്പത് പ്രീമിയം ശബരി ഉൽപ്പന്നങ്ങൾ അടങ്ങിയ ‘ശബരി സിഗ്നേച്ചർ കിറ്റ്’ എഴുപത്തഞ്ച് രൂപയിലധികം വിലക്കുറവിൽ 299 രൂപയ്ക്ക് വിൽപനശാലകളിൽ നിന്ന് വാങ്ങാം. ഇതിനോടൊപ്പം ഉപഭോക്താക്കൾക്കായി ഗിഫ്റ്റ് കാർഡുകളും അവതരിപ്പിച്ചിട്ടുണ്ട്.
500, 1000 രൂപ മുഖവിലയുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് ഔട്ട്ലെറ്റുകളിൽ നിന്നും ആവശ്യമുള്ള സാധനങ്ങൾ സ്വന്തമാക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

