യൂറോപ്യൻ രാജ്യമായ കൊസോവോയിൽ കടുത്ത രാഷ്ട്രീയ അസ്ഥിരതയെ തുടർന്ന് പാർലമെന്റിൽ നാടകീയ സംഭവങ്ങൾ. സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം കയ്യാങ്കളിയിലേക്ക് വഴിമാറിയതിനെ തുടർന്ന് പാർലമെന്റ് സമ്മേളനം സ്പീക്കർ റദ്ദാക്കി.
കൂടാതെ, സമ്മേളനത്തിന്റെ തത്സമയ സംപ്രേക്ഷണം നിർത്തിവയ്ക്കാൻ ടിവി ചാനലിനോടും അധികൃതർ നിർദ്ദേശം നൽകി. സഭ ബഹളത്തിൽ മുങ്ങിയതിനിടെ, തന്റെ ബാഗിൽ നിന്ന് മുട്ടകൾ ഓരോന്നായി എടുത്ത് ‘‘തനിക്ക് നാണമില്ലേ…’’ എന്ന് ആക്രോശിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് നേരെ പ്രതിപക്ഷ പാർട്ടിയായ ഫ്യൂച്ചർ ഓഫ് കൊസോവോയുടെ എംപി ടീമെ കാദ്രിയായി (Time Kadrijaj) തുരുതുരാ മുട്ടയെറിയുകയായിരുന്നു.
ഭരണകക്ഷിയായ വെറ്റവെണ്ടോസ്യേ (Vetevendosje) പാർട്ടിയുടെ നേതാവും കാവൽ പ്രധാനമന്ത്രിയുമായ ആൽബിൻ കൂർട്ടീക്ക് (Albin Kurti) നേരെയായിരുന്നു ഈ ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
യൂറോപ്പിലെ ‘രണ്ടാമത്തെ വലിയ ദരിദ്ര രാജ്യം’ എന്ന വിശേഷണമുള്ള കൊസോവോ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മൂന്നുതവണ തിരഞ്ഞെടുപ്പ് നടത്തിയിട്ടും ഒരൊറ്റ പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
തുടർന്ന് ജൂൺ 7ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആൽബിൻ കൂർട്ടീയുടെ (Albin Kurti) നേതൃത്വത്തിലുള്ള വെറ്റവെണ്ടോസ്യേ (Vetevendosje) പാർട്ടി 120ൽ 53 സീറ്റുകൾ നേടിയിരുന്നെങ്കിലും കേവല ഭൂരിപക്ഷത്തിലെത്താൻ സാധിച്ചിരുന്നില്ല. പ്രസിഡന്റിനെയും പാർലമെന്റ് സ്പീക്കറെയും അടക്കം തിരഞ്ഞെടുക്കുന്നതിനായി പുതിയ സ്ഥാനാർഥികളെ ആൽബിൻ ഉടൻ പ്രഖ്യാപിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ഇതിന് പകരം തനിക്ക് കൂടുതൽ സമയം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. രാഷ്ട്രീയ അസ്ഥിരതയും പണപ്പെരുപ്പവും പശ്ചിമേഷ്യൻ സംഘർഷവും കൊസോവോയുടെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
രാഷ്ട്രീയ അസ്ഥിരത ചൂണ്ടിക്കാട്ടി പല രാജ്യാന്തര ഏജൻസികളും രാജ്യത്തിന്റെ ജിഡിപി വളർച്ചാ അനുമാനം വെട്ടിക്കുറച്ചിരിക്കുകയാണ്. ലോകബാങ്ക് റിപ്പോർട്ട് പ്രകാരം 2026ൽ 3.7% വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
നേരത്തേ വിലയിരുത്തിയ 3.9 ശതമാനത്തെ അപേക്ഷിച്ച് ഇത് കുറവാണ്. 2025ൽ ജിഡിപി വളർച്ച 2024ലെ 4.6 ശതമാനത്തിൽ നിന്ന് 3.6 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു.
അന്താരാഷ്ട്ര നാണയ ഫണ്ട് (IMF) ഈ വർഷം പ്രതീക്ഷിക്കുന്ന വളർച്ചനിരക്ക് 3.3% മാത്രമാണ്. രാജ്യത്ത് പണപ്പെരുപ്പം ഈ വർഷം ജനുവരിയിൽ 5.7 ശതമാനത്തിലേക്ക് ഉയർന്നിരുന്നുവെന്നും ഇത് 5.9 ശതമാനത്തിലേക്ക് ഉയരുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകുന്നു.
ആളോഹരി വരുമാനം (പെർ ക്യാപിറ്റ ഇൻകം) പരിശോധിക്കുമ്പോൾ യൂറോപ്പിലെ ‘രണ്ടാമത്തെ ദരിദ്ര രാഷ്ട്രം’ എന്നാണ് കൊസോവോ അറിയപ്പെടുന്നത്. ഐഎംഎഫിന്റെ കണക്കുകൾ പ്രകാരം ഇവിടുത്തെ പെർ ക്യാപിറ്റ വരുമാനം 20,400 ഡോളറാണ്.
19,700 ഡോളറുമായി മോൾഡോവയാണ് ഈ പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. 21,000 ഡോളറുമായി യുക്രെയ്ൻ മൂന്നാമത് സ്ഥാനത്തുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

