തൃശൂർ ജില്ലയിലെ മനക്കൊടിയിൽ വർഷങ്ങളായി തുടരുന്ന യാത്രാദുരിതത്തിന് ഇനിയും ശാശ്വത പരിഹാരമായില്ല. എല്ലാ വർഷവും വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്ന പുള്ള് – മനക്കൊടി റോഡ് ഉയർത്തി നവീകരിക്കുന്നതിനുള്ള നടപടികൾ ഒന്നര പതിറ്റാണ്ടായിട്ടും യാഥാർത്ഥ്യമായിട്ടില്ല.
ഇത്തവണയും റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് പതിവുപോലെ പ്രദേശത്ത് ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പഴയ ബണ്ട് റോഡ് ആയതിനാൽ 1.2 കിലോമീറ്റർ ദൂരത്തിൽ റോഡ് ഒരു മീറ്റർ ഉയരത്തിൽ നിർമ്മിക്കേണ്ടതുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനൊപ്പം പുതിയ സ്ലൂസും പണിയേണ്ടതുണ്ട്.
ഇതിനായി ഏകദേശം 5 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളതെങ്കിലും ഇതുവരെയും ഇതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല. ഈ കാരണത്താൽ കഴിഞ്ഞ സംസ്ഥാന ബജറ്റിലും ഇതിനായുള്ള തുക വകയിരുത്തിയിരുന്നില്ല.
അതേസമയം, റോഡ് ഉയർത്തുന്നത് സമീപത്തെ പാടശേഖരങ്ങളെ ദോഷകരമായി ബാധിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനും വെള്ളപ്പൊക്കം തടയുന്നതിനുമായി പാടശേഖരങ്ങളിലെ കെഎൽഡിസി ബണ്ടുകളുടെ ഉയരം കൂട്ടണമെന്ന് ആറുമാസം മുമ്പ് ചേർന്ന യോഗത്തിൽ ഒരു പാടശേഖരം ഒഴികെയുള്ള മറ്റുള്ളവരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.
ഈ നിർദ്ദേശം കൂടി പരിഗണിച്ചായിരിക്കും റോഡ് നിർമ്മാണത്തിനുള്ള സർക്കാർ അനുമതി ലഭിക്കുകയെന്നാണ് സൂചന. വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട
മനക്കൊടി – പുള്ള് റോഡിൽ സി.രവീന്ദ്രനാഥ് എംഎൽഎ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. റോഡിലെ വെള്ളക്കെട്ടും വാരിയം പടവിലെ വെള്ളപ്പൊക്ക ഭീഷണിയും ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
റോഡ് ഉയർത്തി ഡ്രെയ്നേജ് സംവിധാനങ്ങൾ അടക്കം സ്ഥിരമായ രീതിയിൽ നിർമ്മിക്കുന്നതിന് ആവശ്യമായ ഭരണാനുമതിയും ഫണ്ടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. സന്ദർശന വേളയിൽ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപഴ്സൺ ഓമന അശോകൻ, വാരിയം പടവ് ഭാരവാഹികളായ പുഷ്കരൻ കുറുവത്ത്, കെ.കെ.അശോകൻ, സിപിഎം ലോക്കൽ സെക്രട്ടറി കെ.രാഗേഷ്, വി.പി.രാജേഷ് എന്നിവരും എംഎൽഎയോടൊപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

