ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ രാമായണയുടെ റിലീസ് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് നിർമ്മാതാവ് നമിത മൽഹോത്ര. സംവിധായകൻ നിതേഷ് തിവാരി ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് തിയറ്ററുകളിൽ എത്തുന്നത്.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്ന് നിർമ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 8 നാണ് ചിത്രം റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്നത്.
എന്നാൽ വിദേശ രാജ്യങ്ങളിൽ രണ്ട് ദിവസം മുൻപായി നവംബർ 6 ന് ചിത്രം പ്രദർശനത്തിനെത്തും. ഇതുമായി ബന്ധപ്പെട്ട് നിർമ്മാതാവ് വ്യക്തമാക്കിയത് ഇങ്ങനെയാണ്: “അന്താരാഷ്ട്ര വിതരണ രീതികൾ സാധാരണയായി വെള്ളിയാഴ്ചകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്, അതിനാലാണ് വിദേശത്ത് നവംബർ 6 വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുന്നത്.
എന്നാൽ ഇന്ത്യയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് ഞായറാഴ്ചയായ നവംബർ 8-ന് ചിത്രം റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്നത്.” ചിത്രത്തിലെ താരനിരയും വലിയ ചർച്ചയായിട്ടുണ്ട്. ശ്രീരാമനായി രൺബീർ കപൂർ എത്തുമ്പോൾ, സീതയുടെ വേഷത്തിൽ എത്തുന്നത് സായ് പല്ലവിയാണ്.
പ്രമുഖ തെന്നിന്ത്യൻ താരം യഷ് ആണ് രാവണൻ എന്ന ശക്തമായ വേഷത്തിൽ എത്തുന്നത്. കൂടാതെ സണ്ണി ഡിയോൾ ഹനുമാന്റെ വേഷത്തിലും, മലയാളത്തിന്റെ പ്രിയ താരം ശോഭന കകേയിയായും വേഷമിടുന്നുണ്ട്.
ദൂരദർശനിലെ രാമായണത്തിലൂടെ ശ്രദ്ധേയനായ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു എന്നതും പ്രത്യേകതയാണ്. രവി ദുബെ (ലക്ഷ്മണൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ), അജിങ്ക്യ ഡിയോ (വിശ്വാമിത്ര മഹർഷി), കുനാൽ കപൂർ (ഇന്ദ്രൻ) എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്ന് സംഗീതം ഒരുക്കുന്നു എന്നത് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
സിനിമയുടെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോകിയിരിക്കുന്നത്. ടി- സീരീസ് ഈ നേട്ടം സ്വന്തമാക്കിയപ്പോൾ, 75 കോടി രൂപയുടെ അഡ്വാൻസ് കരാറാണ് നടന്നിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഇടപാടുകളിലൊന്നാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

