കൊച്ചി നഗരത്തിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജനങ്ങൾക്ക് ഭീഷണിയായ കുപ്രസിദ്ധ കുറ്റവാളിയെ കരുതൽ തടങ്കലിൽ അടച്ചു. മട്ടാഞ്ചേരി ഖേലാസേഠ് പറമ്പ് ലോബോ ജംഗ്ഷന് സമീപം താമസിക്കുന്ന അട്ടാണി അനീഷ് എന്ന് വിളിക്കുന്ന അനീഷിനെയാണ് (43) പോലീസ് പിടികൂടിയത്.
നരഹത്യാശ്രമം ഉൾപ്പെടെയുള്ള നിരവധി ഗൗരവമേറിയ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്. കൊച്ചി സിറ്റി പോലീസ് പരിധിയിൽ നരഹത്യാശ്രമം, മോഷണം, പിടിച്ചുപറി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമണം നടത്തൽ തുടങ്ങി ഒട്ടേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണ്.
തുടർച്ചയായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവന്ന പശ്ചാത്തലത്തിൽ, കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഔദ്യോഗിക ശുപാർശയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ ഇയാൾക്കെതിരെ കാപ്പ (KAAPA) ഉത്തരവ് പുറപ്പെടുവിച്ചത്. കളക്ടറുടെ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് മട്ടാഞ്ചേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
നഗരത്തിൽ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വരുംദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

