കേന്ദ്ര സർക്കാരിന്റെ ജനപ്രിയ സൗരോർജ പദ്ധതിയായ ‘പിഎം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന’യിൽ മാതൃകാപരമായ പ്രഖ്യാപനവുമായി സി. ജോസഫ് വിജയ് നയിക്കുന്ന തമിഴ്നാട് സർക്കാർ രംഗത്ത്.
കഴിഞ്ഞദിവസം അവതരിപ്പിച്ച കന്നി ബജറ്റിലാണ് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്ന ഈ തീരുമാനം പുറത്തുവന്നത്. കേന്ദ്ര പദ്ധതിപ്രകാരം ഉപഭോക്താക്കൾക്ക് പരമാവധി ലഭിക്കുന്ന സബ്സിഡി 78,000 രൂപയാണ്.
എന്നാൽ, ഇതിനോടൊപ്പം സംസ്ഥാന സർക്കാരിന്റെ വിഹിതം കൂടി ചേർത്ത് ആനുകൂല്യം ഒരു ലക്ഷം രൂപയായി ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ പുരപ്പുറ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നവർക്ക് ഇനി മുതൽ ഈ ഉയർന്ന നിരക്കിൽ സബ്സിഡി ലഭിക്കും.
പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നിലവിൽ കേന്ദ്ര പദ്ധതി പ്രകാരം മൂന്ന് വിഭാഗങ്ങളിലായാണ് സബ്സിഡി നൽകുന്നത്. ഒരു കിലോവാട്ട് സോളർ സിസ്റ്റത്തിന് 30,000 രൂപയും, രണ്ട് കിലോവാട്ടിന് 60,000 രൂപയും, മൂന്ന് കിലോവാട്ടിന് പരമാവധി 78,000 രൂപയുമാണ് നൽകി വരുന്നത്.
ഈ ഘടനയാണ് തമിഴ്നാട് സർക്കാർ ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചത്. രാജ്യത്താകമാനം പിഎം സൂര്യ ഘർ പദ്ധതി പ്രകാരം സൗരോർജം സ്ഥാപിച്ച കുടുംബങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.
ഇതുവരെ 50,66,195 കുടുംബങ്ങൾക്കായി 28,516.18 കോടി രൂപയാണ് കേന്ദ്ര സർക്കാർ സബ്സിഡിയായി വിതരണം ചെയ്തിട്ടുള്ളത്. കേരളത്തിൽ 3.24 ലക്ഷം കുടുംബങ്ങൾ ഈ പദ്ധതിയിലൂടെ ഇതിനകം 2101.22 കോടി രൂപ സബ്സിഡി നേടിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ആകെ ഉൽപാദന ശേഷി 1229.1 മെഗാവാട്ട് ആണ്. അതേസമയം, തമിഴ്നാട്ടിൽ ഇതുവരെ 1.04 ലക്ഷം കുടുംബങ്ങൾ മാത്രമാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്.
322.37 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സംസ്ഥാനം ഇതുവരെ നേടിയ സബ്സിഡി 589.27 കോടി രൂപയാണ്. സംസ്ഥാനത്ത് സൗരോർജ ഉൽപാദനം കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സബ്സിഡി തുക വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

