നിരവധി ശുദ്ധജല പദ്ധതികളുടെ ഉറവിടവും ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിക്കുകയും ചെയ്യുന്ന ഇടുക്കി മലങ്കര ഡാമിലേക്ക് രാസമാലിന്യങ്ങൾ ഒഴുകിയെത്തുന്നതായി പരാതി. ജലാശയത്തിന്റെ ഉപരിതലത്തിൽ രാവിലെ മുതൽ എണ്ണപ്പാട
കെട്ടിക്കിടക്കുന്ന നിലയിലാണ്. സമീപ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ ശാലകളിൽ നിന്നാണ് ഡാമിലേക്ക് മലിനജലം എത്തുന്നത് എന്നാണ് പ്രദേശവാസികളുടെ പ്രധാന ആരോപണം.
രാവിലെ ജലാശയത്തിൽ കുളിക്കാൻ ഇറങ്ങിയവർക്ക് ശരീരത്തിൽ അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സംഭവസ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡാമിന്റെ ജലപ്പരപ്പ് പൂർണ്ണമായും രാസമാലിന്യത്താൽ മൂടപ്പെട്ട അവസ്ഥയിലാണ് ഉള്ളതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ ജലാശയത്തിൽ രാസമാലിന്യങ്ങൾ കലർന്നിരുന്നുവെന്നും അന്ന് വെള്ളത്തിൽ വെളുത്ത പത രൂപപ്പെട്ടിരുന്നുവെന്നും പ്രദേശവാസികൾ ഓർമ്മിപ്പിക്കുന്നു. അതേസമയം, ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

