തുറവൂരിൽ വീട് വെള്ളക്കെട്ടിലായതിനെ തുടർന്ന്, കുഴഞ്ഞുവീണ് മരിച്ച യുവാവിന്റെ സംസ്കാരം പൊതുശ്മശാനത്തിലേക്ക് മാറ്റി. തുറവൂർ വളമംഗലം മുട്ടുംപുറത്ത് പരേതനായ അപ്പുക്കുട്ടന്റെയും മാധവിയുടെയും മകൻ അനീഷ് (41) ആണ് മരിച്ചത്.
പെയ്ന്റിങ് തൊഴിലാളിയായിരുന്നു അദ്ദേഹം. ബുധനാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം.
കടയിൽ പോയി വീട്ടിലേക്ക് മടങ്ങിവരുന്നതിനിടയിൽ സമീപത്തെ റോഡിൽ വെച്ച് അനീഷ് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഉടൻതന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ സംസ്കാരം നടത്തുന്നതിനായിരുന്നു ആദ്യ തീരുമാനിച്ചിരുന്നത്. എന്നാൽ പെയ്ത്തുവെള്ളം പുരയിടത്തിൽ പൂർണ്ണമായി നിറഞ്ഞതോടെ സംസ്കാര ചടങ്ങുകൾ പൊതു ശ്മശാനത്തിലേക്ക് മാറ്റുകയായിരുന്നു.
കുമ്പളം ശാന്തിതീരം പൊതു ശ്മശാനത്തിലായിരുന്നു സംസ്കാരം നടന്നത്. അജയൻ, കവിത എന്നിവരാണ് സഹോദരങ്ങൾ.

