കേരളത്തിൽ സ്വർണവിലയിൽ ഇന്നും വർധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ വർധിച്ച് വിപണിയിൽ വില 13,740 രൂപയിലെത്തി.
ഇതോടൊപ്പം പവൻ വില 120 രൂപ ഉയർന്ന് 1,09,920 രൂപയായി മാറി. രാജ്യാന്തര വിപണിയിൽ സ്വർണവില ഗണ്യമായി കുതിക്കാൻ മടിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഈ വിലമാറ്റം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കേരളത്തിൽ ആകെ വർധിച്ചത് പവന് 4,320 രൂപയാണ്. രാജ്യാന്തര വിപണിയിൽ ഇന്നലെ ഔൺസിന് 4,300 ഡോളറിലേക്ക് കയറിയ സ്വർണത്തിന് ഇന്നും നിക്ഷേപകരുടെ ഭാഗത്തുനിന്ന് ശക്തമായ ഡിമാൻഡ് തുടരുന്നുണ്ട്.
എങ്കിലും, ഉടൻ പുറത്തുവരാനിരിക്കുന്ന യുഎസ് നോൺഫാം പേറോൾ കണക്കുകൾ എന്താകുമെന്ന ആശങ്ക നിക്ഷേപകർക്കിടയിലുണ്ട്. ഹോർമുസ് കടലിടുക്കിനെച്ചൊല്ലി ഇറാനും യുഎസും തമ്മിൽ നിലനിൽക്കുന്ന സംഘർഷം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത ഭീഷണിയായി തുടരുകയാണ്.
ഹോർമുസിലൂടെ യുഎസ്, ഇസ്രയേൽ അടക്കമുള്ള ശത്രുരാജ്യങ്ങളുടെ കപ്പലുകളെ കടന്നുപോകാൻ അനുവദിക്കില്ലെന്നാണ് ഇറാന്റെ കടുത്ത നിലപാട്. ഈ ഉത്തരവ് മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകളിൽ നിന്ന് പിഴ ഈടാക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഈ സാഹചര്യങ്ങൾ പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചതോടെ ക്രൂഡോയിൽ വിലയും ഉയർന്നു. ഇതിന്റെ തുടർച്ചയായി അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കും വർധിച്ചു.
ഇത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും ഗണ്യമായി കൂട്ടി. കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഉയർന്ന സ്വർണവിലയെ കൂടുതൽ ഉയരങ്ങളിലെത്താതെ തടയുന്നതിൽ പ്രധാന തടസ്സമായി നിൽക്കുന്നതും ഈ ഘടകങ്ങളാണ്.
വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന പ്രതിമാസ യുഎസ് തൊഴിൽ കണക്കുകളാണ് നിലവിൽ വിപണിയും നിക്ഷേപകരും ഉറ്റുനോക്കുന്നത്. ഈ കണക്കുകൾ ലഭ്യമാകുന്നതിലൂടെ ഫെഡ് റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങളെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്നലെ 4,241 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് 4,265 ഡോളർ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പുതുക്കിയ വിപണി വില പ്രകാരം ഒരു പവൻ സ്വർണാഭരണം സാധാരണക്കാരന് വാങ്ങാൻ ചുരുങ്ങിയത് 1,24,600 രൂപയെങ്കിലുമാകും.
അതേസമയം, കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കൂടി 11,290 രൂപയായി വർധിച്ചു. കൂടാതെ വിപണിയിൽ വെള്ളി വില ഗ്രാമിന് 240 രൂപ നിരത്തിലാണ് വ്യാപാരം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

