സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലും താൽകാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകളിൽ കർശന മാറ്റവുമായി അധികൃതർ രംഗത്ത്. ഇനി മുതൽ ഇത്തരത്തിലുള്ള നിയമനങ്ങൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
സർക്കാർ ഫണ്ടുകളുടെ സുതാര്യമായ വിനിയോഗവും സുരക്ഷയും ലക്ഷ്യമിട്ട് പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇതുസംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം സംസ്ഥാനത്തെ എല്ലാ ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും കൂടാതെ മുഴുവൻ പ്രഥമാധ്യാപകർക്കും കർശന നിർദ്ദേശമായി കൈമാറിയിട്ടുണ്ട്.
പുതിയ ഉത്തരവിന്റെ ഭാഗമായി വകുപ്പ് മുന്നോട്ടുവെക്കുന്ന മറ്റ് പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
* ബാങ്ക് ഇടപാടുകൾക്കായി ഒരു കാരണവശാലും താൽകാലിക ജീവനക്കാരെ ചുമതലപ്പെടുത്താൻ പാടില്ലാത്തതാണ്.
* ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാവിധ ഔദ്യോഗിക രേഖകളും സ്ഥാപന മേധാവികളുടെ നേരിട്ടുള്ള സൂക്ഷിപ്പിൽ ആയിരിക്കണം.
* എല്ലാ മാസവും അവസാന പ്രവൃത്തി ദിവസം സ്ഥാപന മേധാവി നേരിട്ട് ബാങ്ക് അക്കൗണ്ട് പരിശോധിച്ച് കൃത്യത ഉറപ്പാക്കി സാക്ഷ്യപ്പെടുത്തേണ്ടതാണ്.
* സ്ഥാപന മേധാവിയുടെ ഔദ്യോഗിക മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി നിർബന്ധമായും ബന്ധിപ്പിച്ചിരിക്കണം.
അക്കൗണ്ടിലെ ഇടപാടുകൾ സംബന്ധിച്ച സന്ദേശങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് മേധാവികൾ ഉറപ്പുവരുത്തേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

